കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെതിരെ ലൈംഗിക പീഡന ആരോപണവും ഉയർന്നിരുന്നതായി റിപ്പോർട്ട്. 2017ൽ ഹോങ്കോങ്ങിൽ നഴ്‌സിംഗ് വിദ്യാർത്ഥിയായിരുന്ന യുവാവിനെ പീഡിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരെ ഉയർന്ന ആരോപണം. ഈ കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതി സന്ദീപ് ഘോഷ് കുറ്റക്കാരനല്ലെന്ന വാദം അംഗീകരിച്ച് വെറുതെ വിടുകയായിരുന്നു.
വസ്ത്രം മാറുന്ന മുറിയിൽ വച്ച് സന്ദീപ് ഘോഷ് ജനനേന്ദ്രിയത്തിൽ തൊടാൻ ശ്രമിച്ചുവെന്നായിരുന്നു നഴ്‌സിംഗ് വിദ്യാർത്ഥിയുടെ ആരോപണം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ആർജി കാർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനിയുടെ കൊലപാതകം മറച്ചുവയ്‌ക്കാൻ ശ്രമിച്ചതും, സാമ്പത്തിക ക്രമക്കേടുകളിൽ അറസ്റ്റിലാവുകയും ചെയ്തതോടെയാണ് ഇയാൾ വീണ്ടും വാർത്തകളിൽ ഇടം നേടിയത്. നഴ്‌സിംഗ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ വ്യക്തി തന്നെയാണ് കൊൽക്കത്ത കേസിലും അറസ്റ്റിലായതെന്ന് ഇയാളെ കണ്ട ചില ഡോക്ടർമാർ തിരിച്ചറിയുകയായിരുന്നു. പിന്നാലെയാണ് 2017ൽ നടന്ന സംഭവവും വീണ്ടും വാർത്തകളിൽ ഇടം നേടിയത്.
ഒരു എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് സന്ദീപ് ഘോഷ് ഹോങ്കോങ്ങിലെത്തുന്നത്. 2017 ഏപ്രിൽ 8ന് ഹോങ്കോങ്ങിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ വച്ചാണ് നഴ്‌സിംഗ് വിദ്യാർത്ഥിയായ യുവാവിനോട് ഇയാൾ അപമര്യാദയായി പെരുമാറിയത്. ക്ലിനിക്കൽ അറ്റാച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് 45കാരനായ സന്ദീപ് അന്ന് ഹോങ്കോങ്ങിലെത്തിയത്. ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച ശേഷം ”നിങ്ങൾക്കിത് ഇഷ്ടമാണോ” എന്ന് സന്ദീപ് ഘോഷ് ചോദിച്ചതായും നഴ്‌സിംഗ് വിദ്യാർത്ഥി ആരോപിക്കുന്നു.
എന്നാൽ തന്റെ ഉച്ചാരണത്തിന്റെ പ്രശ്‌നമായിരുന്നുവെന്നും, വാക്കുകൾ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നുമാണ് ഇയാൾ കോടതിയെ അറിയിച്ചത്. തോൾ എല്ലിൽ സംഭവിക്കുന്ന തകരാറുകൾ എപ്രകാരം ശരിയാക്കാമെന്നാണ് താൻ പഠിപ്പിക്കാൻ ശ്രമിച്ചതെന്നും, അതിനിടെ അബദ്ധത്തിൽ യുവാവിന്റെ ഇടുപ്പിൽ സ്പർശിക്കുകയായിരുന്നുവെന്നും സന്ദീപ് ഘോഷ് അവകാശപ്പെട്ടു. മറ്റ് ദുരുദ്ദേശങ്ങൾ തന്റെ പ്രവർത്തിയിൽ ഉണ്ടായിരുന്നില്ലെന്ന വാദം ഹോങ്കോങ്ങിലെ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയും ഇയാളെ കുറ്റവിമുക്തനാക്കുകയുമായിരുന്നു. പിന്നാലെ മെഡിക്കൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാം റദ്ദാക്കിയ ശേഷം സന്ദീപ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
സന്ദീപ് ഘോഷ് ഹോങ്കോങ്ങിലേക്ക് പോയിരുന്നുവെന്നും, പീഡനശ്രമത്തിന് ജയിലിൽ കിടന്നിട്ടുണ്ടെന്നും ഓർത്തോപീഡിക് സ്പെഷ്യലിസ്റ്റും അസോസിയേഷൻ ഓഫ് ഹെൽത്ത് സർവീസ് ഡോക്ടേഴ്സിന്റെ ജനറൽ സെക്രട്ടറിയുമായ ഡോ ഉപ്പൽ ബാനർജി പറയുന്നു. സന്ദീപിനെ തിരികെ നാട്ടിലേക്ക് എത്തിക്കുന്നതിന് വലിയ രീതിയിലുള്ള നിയമനടപടികൾ പാലിക്കേണ്ടതായി വന്നിരുന്നു. ഓർത്തോപീഡിക് അസോസിയേഷന്റെ ആഗോളതലത്തിലുള്ള ബന്ധങ്ങൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും ഉപ്പൽ ബാനർജി പറയുന്നു. സന്ദീപ് ഘോഷിനെതിരെ പല കോണുകളിൽ നിന്നും ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് 2017ലെ സംഭവവും പുറത്ത് വരുന്നത്.