പാരിസ് ഒളിമ്പിക്സിൽ വെങ്കല തിളക്കത്തോടെയാണ് ഇന്ത്യൻ ഹോക്കി താരം പി. ആർ ശ്രീജേഷ് അന്താരാഷ്‌ട്ര ഹോക്കിയിൽ നിന്ന് വിരമിച്ചത്. തുടർച്ചയായ രണ്ടാം ഒളിമ്പിക് മെഡലാണ് അദ്ദേഹം രാജ്യത്തിന് സമ്മാനിച്ചത്. ഇതിന് പുറമേ രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണവും രണ്ട് ചാമ്പ്യൻസ് ട്രോഫി വെള്ളിയും ഈ 36-കാരൻ കരിയറിൽ സ്വന്തമാക്കി.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗോൾകീപ്പറാണ് മലയാളിയായ പി. ആർ ശ്രീജേഷ്. 18 വർഷത്തിലേറെ നീണ്ട അന്താരാഷ്‌ട്ര കരിയറിൽ 328 മത്സരങ്ങളിലാണ് അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചത്. വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുടെ ജൂനിയർ പുരുഷ ടീമിന്റെ പരിശീലക കുപ്പായമണിയാനൊരുങ്ങുകയാണ് അദ്ദേഹം. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പി.ആർ ശ്രീജേഷ്.
ഓഗസ്റ്റ് 16-നാണ് പ്രധാനമന്ത്രി കത്ത് അയച്ചത്. ഹോക്കി എന്റെ ജീവനാണെന്നും ഹോക്കിയിൽ ഇന്ത്യയെ മികച്ചതാക്കാനുള്ള ശ്രമങ്ങൾ ഇനിയും തുടരും. 2020, 2024 ഒളിമ്പിക്സിൽ തുടങ്ങി വച്ച മെഡൽ കൊയ്‌ത്ത് ഇനിയും തുടരും. എന്നിൽ വിശ്വാസമർപ്പിച്ച പ്രധാനമന്ത്രിക്കും രാജ്യത്തിനും നന്ദി എന്ന കുറിപ്പോടെയാണ് ശ്രീജേഷ് കത്ത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
ജൂനിയർ ടീമിന്റെ പരിശീലകനെന്ന റോളിൽ തിളങ്ങാൻ സാധിക്കട്ടെ എന്ന ആശംസയോടെയാണ് കത്ത് ആരംഭിക്കുന്നത്. പാരിസ് ഒളിമ്പിക്സ് വേദിയിൽ നിന്ന് മെഡൽ വാർത്ത അറിഞ്ഞതോടെ പറഞ്ഞറിയിക്കാൻ കഴിയാത്ത വിധത്തിലുള്ള സന്തോഷമായിരുന്നു. രാജ്യത്തിനായി കളിക്കുന്ന അവസാന മത്സരമാണിതെന്ന് ഓർത്തപ്പോൾ വികാരതീനനായെന്നും പ്രധാനമന്ത്രി കത്തിൽ പറയുന്നു.
ഗോൾവല കാക്കാൻ ശ്രീജേഷ് ഉണ്ടെങ്കിൽ ഇന്ത്യൻ ആരാധകർക്കറിയാം, ബാക്കിയെല്ലാം ശ്രീജേഷ് നോക്കിക്കോളൂമെന്ന്. കാലങ്ങൾ കഴിയുന്തോറും അത് തെളിയിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും വിജയത്തിനും പരാജയത്തിനുമിടയിലെ നെടുതൂണായിരുന്നു. കടുത്ത സമ്മർദ്ദത്തിൽ നിൽക്കുമ്പോഴും കൃത്യതയോടെയുള്ള ചുവടുകൾ കളിക്കളത്തിൽ ജാലവിദ്യ സൃഷ്ടിച്ചു. രാജ്യത്തിന് മറക്കാനാവത്ത നൂറുകണക്കിന് ഓർമകളാണ് സമ്മാനിച്ചതെന്ന് ഉദാഹരണ സഹിതം കത്തിൽ പരാമർശിക്കുന്നു.
വിവിധ അവാർഡുകളും ദേശീയ, അന്തർദേശീയ മെഡലുകളും താങ്കൾ എത്തിപ്പെട്ട ഉയരങ്ങളെ സൂചിപ്പിക്കുന്നു. ഫീൽഡിലും പുറത്തും കാണിക്കുന്ന മനുഷ്യത്വം ദയയും എന്നും എപ്പോഴും എല്ലാവർക്കും പാഠമാണ്. അവാർഡുകളുടെയും നേട്ടങ്ങളുടെയും നടുവിലും ഹോക്കിയെ നെഞ്ചോട് ചേർക്കുന്നു. ജീവിതമാകുന്ന യാത്രയുടെ രണ്ടാം പാതിയിലേക്ക് പ്രവേശിച്ചെങ്കിലും ഹോക്കിയോടുള്ള ഭ്രമം കുറയില്ലെന്ന് ഉറപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹോക്കിയെ പുനരുജ്ജീവിപ്പിക്കാൻ താങ്കളുടെ അകമഴിഞ്ഞ പിന്തുണ രാജ്യത്തിന് മുഴുവൻ ആവശ്യമാണ്. ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയതിനും അചഞ്ചലമായ ആത്മസമർപ്പണത്തിനും അസാധാരണമായ കരിയറിനും നന്ദി- പ്രധാനമന്ത്രി കത്തിൽ കുറിച്ചു.
സകുടുംബം ശ്രീജേഷ് പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്റെ കുടുംബത്തിന്റെ ഏറ്റവും മികച്ച ദിനം- എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കിട്ടത്. ശ്രീജേഷിന്റെ അച്ഛൻ, അമ്മ, ഭാര്യ, കുട്ടികൾ, സഹോദരൻ എന്നിവരാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്. നരേന്ദ്രമോേദി മകനെ ചേർത്ത് പിടിച്ച് നിൽക്കുന്ന, മകളുടെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രങ്ങളും പങ്കിട്ടിരുന്നു.
Received this heart-warming letter from @narendramodi Sir on my retirement.
Hockey is my life and I’ll continue to serve the game and work towards making India a power in hockey, the start of which has been made with the 2020, 2024 Olympic medals.
Thank You PM Sir for your… pic.twitter.com/vWmljOJ203— sreejesh p r (@16Sreejesh) September 11, 2024















