കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബം. മകളുടെ കൊലപാതകം തെളിയിക്കാൻ മമതയുടെ ഭാഗത്ത് നിന്നുണ്ടായ അലംഭാവം വ്യക്തമാണെന്ന് വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞു. മമത സർക്കാരിന്റെ കേസന്വേഷണത്തിൽ തൃപ്തിയില്ലാത്തിനാലാണ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” എന്റെ മകളുടെ കൊലയാളികളെ കണ്ടെത്തുന്നതിനായി മമതയുടെ ഭാഗത്ത് നിന്ന് കാര്യമായ നീക്കങ്ങളുണ്ടായിരുന്നില്ല. ഇവരുടെ അന്വേഷണത്തിൽ ഞങ്ങൾ തൃപ്തരല്ലാത്തതിനാലാണ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്റെ മകളുടെ കൊലപാതകത്തിൽ സഞ്ചയ് റോയ് എന്നയാളെയാണ് പിടികൂടിയത്. എന്നാൽ അവളെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ വേറെയും ആളുകളുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അവരെ കണ്ടെത്തുന്നതിൽ മമതയുടെ ഭാഗത്ത് നിന്ന് ഒരു പ്രയത്‌നവുമുണ്ടായില്ല.”- വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞു.
കൊൽക്കത്തയിലെ എല്ലാ മാതാപിതാക്കളും തങ്ങളുടെ മകളെ സ്വന്തം മകളെ പോലെയാണ് കാണുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അവരും ആഗ്രഹിക്കുന്നു. എന്നാൽ ദുർഗാ പൂജ അടുക്കുകയാണെന്നും പ്രതിഷേധം നിർത്തി തിരികെ ആശുപത്രിയിൽ ജോലിക്ക് പ്രവേശിക്കണമെന്നുമാണ് മമത ഡോക്ടർമാരോട് ആവശ്യപ്പെടുന്നത്.
ഞങ്ങളുടെ വീട്ടിലും ദുർഗാ പൂജകൾ ചെയ്തിരുന്നു. മകളായിരുന്നു എല്ലാ കാര്യവും ചെയ്തിരുന്നത്. എന്നാൽ ഇന്ന് ഞങ്ങളുടെ വീട്ടിലെ വിളക്കണഞ്ഞു. അവൾക്കായി ഓരോ വീടുകളും പ്രാർത്ഥിക്കുന്നു. എന്നാൽ മമത മാത്രം ഒന്നും ചെയ്യുന്നില്ല. അവരുടെ കുടുംബത്തിലാണ് ഇത്തരമൊരു ദുരന്തമുണ്ടായതെങ്കിൽ അവർ എങ്ങനെ പ്രതികരിക്കുമെന്നും ഡോക്ടറുടെ കുടുംബം ചോദിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.















