ഹനോയ്, വിയറ്റ്നാം:വടക്കൻ വിയറ്റ്നാമിൽ വീശിയടിച്ച യാഗി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 143 ആയി ഉയർന്നു. ഇതുവരെ 58 പേരെ കാണാതായി. സർക്കാർ മാധ്യമങ്ങളെ അറിയിച്ച കണക്കാണിത്. മരിച്ചവരുടെ എണ്ണത്തിൽ ഇനിയും വർദ്ധനവുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഈ കണക്കിൽ മണ്ണിടിച്ചിലിൽ മരിച്ചവരുണ്ടോയെന്ന് വ്യക്തമല്ല.ഏകദേശം 210,000 ഹെക്ടർ കൃഷി നശിച്ചതായി കൃഷി മന്ത്രാലയം അറിയിച്ചു.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ഭൂരിഭാഗം മരണങ്ങൾക്കും കാരണമായത്, ഇതിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്ന ചൈനയുടെ അതിർത്തിയോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ലാവോ കായ് പ്രവിശ്യയിലാണ്.വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 752 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് കൃഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പറഞ്ഞു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമിൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരുന്നു യാഗി. മണിക്കൂറിൽ 149 കി.മീ (92 മൈൽ) വരെ വേഗതയിൽ കാറ്റ് വീശിയടിച്ച ഇത് ശനിയാഴ്ചയാണ് കരയിൽ തൊട്ടത് , ഞായറാഴ്ചയോടെ കാറ്റ് ദുർബലമായെങ്കിലും, മഴ തുടരുകയാണ്. വിയറ്റ്നാമിൽ നദികൾ അപകടകരമാംവിധം ഉയർന്ന നിലയിലാണ്.
18 വടക്കൻ പ്രവിശ്യകളിലായി 401 കമ്യൂണുകൾക്ക് അധികൃതർ ഇപ്പോൾ വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വിയറ്റ്നാമിൽ പ്രവേശിക്കുന്നതിന് മുമ്പ് തെക്കൻ ചൈനയിലും ഫിലിപ്പീൻസിലും യാഗി 24 പേരുടെ ജീവൻ അപഹരിച്ചിരുന്നു.
ഹനോയിയുടെ വടക്ക് ഭാഗത്തുള്ള തായ് എൻഗുയെൻ പ്രവിശ്യയുടെ ഭാഗങ്ങൾ ഏതാണ്ട് പൂർണ്ണമായും വെള്ളത്തിനടിയിലായി.