ദിലീപിന്റെ മകൾ മീനാക്ഷിയുമായി പ്രണയത്തിലാണെന്ന വാർത്തകളിൽ പ്രതികരണവുമായി മാധവ് സുരേഷ്. മീനാക്ഷിയോടൊപ്പമുള്ള ഒരു ഫോട്ടോ എവിടെയെങ്കിലും പങ്കുവച്ചാൽ നമ്മുടെ കല്യാണം ഉറപ്പിച്ചുവെന്നാണ് എല്ലാവരും പറയുന്നതെന്നും മാധവ് സുരേഷ് പറഞ്ഞു. മാധവിന്റെ അരങ്ങേറ്റ ചിത്രമായ കുമ്മാട്ടിക്കളിയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ദിലീപ് അങ്കിളിനോടൊപ്പമോ, മീനാക്ഷിയോടൊപ്പമോ അല്ലെങ്കിൽ കാവ്യ ചേച്ചിയോടൊപ്പമോ ഒരു ഫോട്ടോ ഇട്ടാൽ എന്റെയും മീനാക്ഷിയുടെയും കല്യാണം ഉറപ്പിച്ചു എന്ന് പറയും. രണ്ട്, മൂന്ന് വർഷം മീനാക്ഷിയുമായി ഞാൻ പ്രണയത്തിലാണെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ കറങ്ങിനടന്നിരുന്നു. പിന്നീട് അനുപമ പരമേശ്വരനുമായി ഞാൻ പ്രണയത്തിലാണെന്നാണ് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ പറഞ്ഞത്. അനുപമ എന്റെ അടുത്ത സുഹൃത്താണ്. സിനിമയിലൊക്കെ ഒരുപാട് സഹായിച്ചിട്ടുള്ള ആളാണ് അനുപമ”.
“ഇവർ രണ്ട് പേർക്ക് ശേഷം ഇപ്പോൾ വന്നിരിക്കുന്നത് സെലിനെ കുറിച്ചാണ്. എന്റെ വളരെ അടുത്ത സുഹൃത്താണ് സെലിൻ. അവളുടെ പിറന്നാളിന് ഞാൻ ഇൻസ്റ്റഗ്രാമിലിട്ട പോസ്റ്റാണ് പിന്നീട് ചർച്ചയായാത്. സത്യസന്ധമായി എനിക്ക് തോന്നിയ കാര്യങ്ങളാണ് ഞാൻ അവളെ കുറിച്ച് അന്ന് എഴുതിയത്. എന്റെ കല്യാണം സെലിനുമായി ഉറപ്പിച്ചു എന്നായിരുന്നു പിന്നീടുള്ള വാർത്തകൾ. എന്തെങ്കിലും കാര്യങ്ങൾ ഉണ്ടായാൽ എല്ലാവരെയും ഞാൻ തന്നെ അറിയിക്കുന്നതായിരിക്കും. ഞാൻ സിംഗിളാണ്. മിംഗിളാകാൻ ഉദ്ദേശിക്കുന്നില്ലെന്നും” മാധവ് സുരേഷ് പറഞ്ഞു.