തിരുവനന്തപുരം: ഉഴുന്നുവടയിൽ ബ്ലേഡ് കണ്ടത്തിയതിനെ തുടർന്ന് കുമാർ ടിഫിൻ സെന്റർ അടപ്പിച്ചു. വെൺപാലവട്ടത്ത് പ്രവർത്തിക്കുന്ന ഹോട്ടലാണ് പൊലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരുമെത്തി പൂട്ടിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
പാലോട് സ്വദേശിയായ അനീഷ്, മകൾ സനുഷ എന്നിവർ ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ എത്തിയിരുന്നു. സനുഷ വാങ്ങിയ ഉഴുന്നുവടയിൽ നിന്നാണ് ബ്ലേഡ് കിട്ടിയത്.
ഭക്ഷണം കഴിക്കുന്ന സമയത്ത് പല്ലിന്റെ കമ്പിയിൽ ബ്ലേഡ് കുടുങ്ങുകയായിരുന്നു. ബ്ലേഡിന്റെ പാതി ഭാഗമാണ് സനുഷയുടെ വായിൽ പെട്ടത്. അപകടം ഒഴിഞ്ഞത് തലനാരിഴയ്‌ക്കാണെന്ന് അനീഷ് പറഞ്ഞു. തുടർന്ന് പേട്ട പൊലീസിനെയും അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.