തിരുവനന്തപുരം: ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ഡബ്ല്യൂസിസി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയാണ് ഡബ്ല്യൂസിസി അംഗങ്ങൾ ആവശ്യം അറിയിച്ചത്.
സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികൾ സംബന്ധിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണമെന്ന് പറഞ്ഞ് സ്വകാര്യത ലംഘിക്കപ്പെടരുതെന്നും ഡബ്ല്യൂസിസിയുടെ അഞ്ചംഗ പ്രതിനിധി സംഘം ആവശ്യപ്പെട്ടു. മലയാള സിനിമയിലെ ലൊക്കേഷനുകളിൽ സൗകര്യം ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി സിനിമാ മേഖയലിൽ നടപ്പാക്കാൻ നിർദേശിച്ച ശുപാർശകൾ നടപ്പിലാക്കണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമയിലെ എല്ലാ തൊഴിലുകൾക്കും കൃത്യമായ കരാർ കൊണ്ടുവരണമെന്നും ലൈംഗികാതിക്രമങ്ങൾ തടയാനുള്ള വ്യവസ്ഥകൾ കരാറിന്റെ ഭാഗമാക്കണമെന്നും ഡബ്ല്യൂസിസി വ്യക്തമാക്കി. മലയാള സിനിമാ മേഖലയിൽ പെരുമാറ്റച്ചട്ടം നടപ്പാക്കണമെന്ന് ഡബ്ല്യൂസിസി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സിനിമ മേഖലയുടെ സമഗ്ര പുനർനിർമാണത്തിന് പുതിയ നിർദേശങ്ങളടങ്ങിയ പരമ്പര പ്രഖ്യാപിക്കുമെന്ന് ഡബ്ല്യൂസിസി നേരത്തെ അറിയിച്ചിരുന്നു.















