ബോളിവുഡ് നടി മലൈക അറോറയുടെ അച്ഛന്റെ വിയോഗ വാർത്തയറിഞ്ഞ് ക്യാമറകളുമായി വീടിന് മുന്നിൽ തടിച്ചുകൂടിയ പാപ്പരാസികളെ വിമർശിച്ച് നടൻ വരുൺ ധവാൻ. ഇൻസ്റ്റഗ്രാമിലാണ് താരം വിമർശനം ഉന്നയിച്ചത്. അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖിതരായ കുടുംബത്തിന് നേരെ ക്യാമറകളും കൊണ്ട് പോകുന്നത് അന്യായമാണെന്നും ആ കുടുംബത്തോട് കാണിക്കുന്ന ക്രൂരതയാണിതെന്നും വരുൺ ധവാന്റെ പോസ്റ്റിൽ വ്യക്തമാകുന്നു.
ദുഃഖിതരായ കുടുംബത്തിന് നേരെ ക്യാമറയുമായി പോകുന്നത്, വിവേകമില്ലായ്മയാണ്. ഇത് നിങ്ങളുടെ ജോലിയായിരിക്കാം, പക്ഷേ അത് മറ്റൊരാൾക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ലെന്നും വരുൺ ധവാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കി.
അനിൽ അറോറയുടെ മരണത്തിന് പിന്നാലെ നിരവധി പാപ്പരാസികളാണ് മലൈക അറോറയുടെ വീടിന് മുന്നിൽ തമ്പടിച്ചത്. വീട്ടിലെത്തുന്ന ഓരോ താരങ്ങളെയും ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു മാദ്ധ്യമങ്ങൾ. ഇത് കുടുംബത്തെ വളരെയധികം അസ്വസ്ഥരാക്കിയിരുന്നു. പിതാവിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ മലൈകയ്‌ക്കും മാദ്ധ്യമപ്രവർത്തകരുടെ സാന്നിധ്യം ബുദ്ധമുട്ടുണ്ടാക്കി. ഇതിന് പിന്നാലെയാണ് വിമർശനവുമായി വരുൺ ധവാൻ രംഗത്തെത്തിയത്.
വരുൺ ധവാന്റെ പോസ്റ്റിന് ശേഷം മാദ്ധ്യമങ്ങളുടെ ഇത്തരം പ്രവൃത്തികളിൽ കടുത്ത അമർഷം പങ്കുവച്ച് നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരെ എന്തെങ്കിലും നിയമ നടപടികൾ കൊണ്ടുവരണമെന്നും സെലിബ്രിറ്റികളുടെ സ്വകാര്യതയെ മാനിക്കണമെന്നും ആളുകൾ അഭിപ്രായങ്ങൾ പങ്കുവച്ചു.