ന്യൂഡൽഹി: യുഎസ് സന്ദർശനത്തിനിടെ സിഖ് വംശത്തെയും സംവരണത്തെയും കുറിച്ച് നടത്തിയ രാഹുലിന്റെ തെറ്റായ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്നാഥ് സിംഗ്. സ്നേഹത്തിന്റെ കട നടത്താനിറങ്ങിയ രാഹുൽ ഇപ്പോൾ നുണകളുടെ കടയാണ് തുറന്നിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി പരിഹസിച്ചു. പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതും അടിസ്ഥാനരഹിതവും അങ്ങേയറ്റം ലജ്ജാകരവുമാണെന്ന് അദ്ദേഹം എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
സംവരണം നിർത്തലാക്കാനാണ് എൻഡിഎ സർക്കാരിന്റെ നീക്കമെന്ന രാഹുലിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. ദളിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമത്തിനും വികസനത്തിനും വേണ്ടിയുള്ള സംവരണ സംവിധാനം പ്രധാനമന്ത്രി കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അന്തസ് വ്രണപ്പെടുത്തുന്ന പരാമർശങ്ങളാണ് രാഹുൽ നടത്തുന്നത്. ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ സംബന്ധിച്ചുള്ള രാഹുലിന്റെ നിലപാട് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത്തരം പ്രസ്താവനകളിൽ നിന്നും കോൺഗ്രസ് നേതാവ് വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തേ ഇന്ത്യയിൽ സിഖുകൾക്ക് ടർബൻ ധരിക്കാനും ഗുരുദ്വാരയിൽ പോകാനും സ്വാതന്ത്ര്യമില്ലെന്ന രാഹുലിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു. കോൺഗ്രസ് നേതാവിന്റെ ഔദ്യോഗിക വസതിക്ക് മുൻപിൽ പ്രതിഷേധവുമായെത്തിയ സിഖ് നേതാക്കൾ രാഹുൽ മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.