ന്യൂഡൽഹി: 70 വയസിന് മുകളിലുള്ള രാജ്യത്തെ എല്ലാ മുതിർന്ന പൗരന്മാർക്കും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കാൻ കേന്ദ്രം. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്‌ക്ക് (AB PM-JAY) കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ ലഭിക്കും. പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
രാജ്യത്തെ നാലരക്കോടി കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണ് ഓരോ വ്യക്തിക്കും ലഭിക്കുക. അർഹരായ പൗരന്മാർക്ക് ഇതിനായി ആയുഷ്മാൻ ഭാരതിന് കീഴിൽ പുതിയ കാർഡുകൾ ലഭിക്കും.
കേന്ദ്രസർക്കാരിന്റെ തന്നെ മറ്റ് ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്കും ഇതിലേക്ക് മാറാൻ അവസരമുണ്ട്. സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കോ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമുകൾക്ക് കീഴിലോ ഉള്ളവർക്കും 70 വയസ് കഴിഞ്ഞവരാണെങ്കിൽ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്‌ക്ക് കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.















