ബെർലിൻ: ജർമൻ ചാൻസ്‌ലർ ഒലാഫ് ഷോളുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ-ജർമനി നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുമെന്നും പ്രതിരോധം, സുരക്ഷ, സഹകരണം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇരുരാജ്യങ്ങളും തയ്യാറാണെന്നും എസ് ജയശങ്കർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകളും അദ്ദേഹം ഒലാഫ് ഷോളുമായി പങ്കുവച്ചു.
” ഫെഡറൽ ചാൻസ്‌ലർ ഒലാഫ് ഷോളിനെ ബെർലിനിൽ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾ അദ്ദേഹത്തെ അറിയിച്ചു. ഏഴാമത് ഇന്റർ ഗവൺമെന്റ് കൺസൾട്ടേഷന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുന്നു.”- എസ് ജയശങ്കർ കുറിച്ചു.
Honoured to meet Federal Chancellor Olaf Scholz in Berlin today.
Conveyed the personal greetings of PM Modi. Look forward to his visit to India for the 7th Intergovernmental Consultations.@Bundeskanzler
🇮🇳 🇩🇪 pic.twitter.com/kqUbxdSpMj
— Dr. S. Jaishankar (@DrSJaishankar) September 11, 2024
വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷം ബെർലിനിലേക്കുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ ഉഭയകക്ഷി സന്ദർശനമാണിത്. സെപ്തംബർ 10 മുതൽ 11 വരെ നടത്തിയ ദ്വിദിന സന്ദർശനമായിരുന്നു അദ്ദേഹം നടത്തിയത്. ബെർലിൻ സന്ദർശനവേളയിൽ ജർമ്മൻ പ്രതിനിധി അന്നലീന ബെയർബോക്കുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 2024 ഒക്ടോബറിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഏഴാമത് ഇന്ത്യ- ജർമനി ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷനുകളെ സംബന്ധിച്ച് ഇവരുവരും ചർച്ച നടത്തി. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ബിസിനസ് പങ്കാളിത്തം ആഴത്തിലാക്കുമെന്ന് വിദേശകാര്യമന്താലയം അറിയിച്ചു.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം, സുസ്ഥിരത, സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളെ സംബന്ധിച്ച് വിവിധ നേതാക്കളുമായും അദ്ദേഹം ചർച്ചകൾ നടത്തി. 2000 മുതൽ ഇന്ത്യയും ജർമനിയും തമ്മിൽ ആഴത്തിലുള്ള സൗഹൃദ ബന്ധവും പങ്കാളിത്തവുമുണ്ടെന്നും അടുത്ത വർഷങ്ങളിലും ഇത് മുന്നോട്ടു പോകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.