മലപ്പുറം: പൊന്നാനിയിൽ വീട്ടമ്മ പൊലീസുകാർക്കെതിരായി ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തിൽ സ്വകാര്യ ചാനലിനെതിരെ നടപടിക്കൊരുങ്ങി താനൂർ ഡിവൈഎസ്പി വി.വി ബെന്നി.
സ്വകാര്യ ചാനലിൽ വന്ന വാർത്ത വ്യാജമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ബെന്നി പരാതി നൽകി.
തനിക്കെതിരെ നൽകിയ വാർത്ത മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചാനലിന് അദ്ദേഹം കത്ത് നൽകി. നീക്കം ചെയ്യാത്ത പക്ഷം കടുത്ത നടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
മൂട്ടിൽമരം മുറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് തടയാനാണ് വീട്ടമ്മ തനിക്കെതിരെ വ്യാജ പരാതി നൽകിയതെന്ന് ചൂണ്ടിക്കാട്ടി നേരത്തെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും അദ്ദേഹം പരാതി നൽകിയിരുന്നു. എസ്പി സുജിത് ദാസും, സിഐയും പീഡിപ്പിച്ചെന്നും ഡിവൈഎഎസ്പി വി.വി ബെന്നി മോശമായി പെരുമാറിയെന്നുമായിരുന്നു യുവതിയുടെ ആരോപണം.















