ലക്നൗ : മതപരിവർത്തന കേസിൽ ഇസ്ലാമിക പ്രഭാഷകൻ മൗലാന കലിം സിദ്ദിഖി, ഇസ്‌ലാമിക് ദഅ്വ സെൻ്റർ സ്ഥാപകൻ മുഹമ്മദ് ഉമർ ഗൗതം എന്നിവരടക്കം പത്ത് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. ലക്നൗവിലെ പ്രത്യേക എൻഐഎ-തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കോടതിയുടേതാണ് വിധി.
പന്ത്രണ്ട് പ്രതികളിൽ മൊഹമ്മദ്. സലിം, രാഹുൽ ഭോല, മന്നു യാദവ്, കുനാൽ അശോക് ചൗധരി എന്നിവർക്ക് യുപി മതപരിവർത്തന നിരോധന നിയമം 2021 പ്രകാരം 10 വർഷം തടവും വിധിച്ചിട്ടുണ്ട്.ഗൗതമിനെയും സിദ്ദിഖിയെയും കൂടാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരിൽ ഇർഫാൻ ഷെയ്ഖ്, സലാവുദ്ദീൻ സൈനുദ്ദീൻ ഷെയ്ഖ്, ആദം എന്ന പ്രസാദ് രാമേശ്വർ കൻവെയർ, ഭൂപ്രിയ ബന്ദൻ എന്ന അർസലൻ മുസ്തഫ, കൗഷർ ആലം, ഫറാസ് ഷാ, ധീരജ് ഗോവിന്ദ് റാവു ജഗ്താപ്, ധീരജ് ഗോവിന്ദ് റാവു ജഗ്താപ്, സർഫറാസ് ആലി എന്നിവരും ഉൾപ്പെടുന്നു. രാജ്യത്തിനെതിരെയുള്ള കുറ്റം ചെയ്യാനുള്ള ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികൾ ഇസ്ലാമിക് ദഅ്വ സെൻ്റർ എന്ന പേരിൽ ഒരു സംഘത്തിന് രൂപം നൽകിയിരുന്നു. ഇത് വഴി മൂകരും ബധിരരുമായ കുട്ടികളെയും പാവപ്പെട്ട യുവാക്കളെയും ഉൾപ്പെടെ 1000 ത്തിൽ അധികം ആളുകളെ ഇവർ മതപരിവർത്തനം നടത്തിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. പണവും ജോലിയും വാഗ്ദാനം ചെയ്താണ് ഇവരെ മുസ്ലീം മതത്തിലേയ്‌ക്ക് മാറ്റുന്നത്. തുടർന്ന് ഇവരെ വിദേശ രാജ്യങ്ങളിലേയ്‌ക്ക് പറഞ്ഞയയ്‌ക്കുകയാണ് പതിവ്. ഇതിനായി സംഘത്തിന് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്നും തെളിഞ്ഞിരുന്നു. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഇൻ്റർ സർവീസസ് ഇൻ്റലിജൻസിൽ നിന്ന് ഈ സംഘത്തിന് ധനസഹായം ലഭിച്ചതായും സംശയിക്കുന്നുണ്ട്.