ചിക്കമംഗളൂരു ; ചിക്കമംഗളൂരു ജില്ലാ സർക്കാർ ആശുപത്രിയിൽ കയറി ഡോക്ടറെ മർദ്ദിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ . ഓർത്തോപീഡിക് സ്പെഷ്യലിസ്റ്റ് ഡോക്ടർ വെങ്കിടേഷിനെയാണ് രോഗിയ്‌ക്കൊപ്പം എത്തിയവർ മർദ്ദിച്ചത് . തസീമ, ഇർഫാൻ എന്നിവരാണ് പിടിയിലായത് .
അടിക്കേസിൽ പെട്ട് പരിക്കേറ്റ തങ്ങളുടെ ബന്ധുവിനെ ഉടൻ ചികിത്സിക്കണമെന്ന് പറഞ്ഞാണ് ഇവർ ഹോസ്പിറ്റലിൽ എത്തിയത് . എന്നാൽ പരിശോധിച്ചു കൊണ്ടിരുന്ന രോഗിയ്‌ക്ക് മരുന്നുകൾ എഴുതി കൊടുക്കുകയായിരുന്ന ഡോക്ടർ താമസിച്ചുവെന്ന് പറഞ്ഞാണ് ഇവർ സംഘം ചേർന്ന് ഡോക്ടറെ ചെരിപ്പ് കൊണ്ട് മർദ്ദിച്ചത് . തുടർന്ന് ആശുപത്രി ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.
ജില്ലാ ആശുപത്രി സർജൻ ഡോ. മോഹൻ, ഇത് സംബന്ധിച്ച് പോലീസ് സൂപ്രണ്ടിന് പരാതി നൽകി. ആശുപത്രി പരിസരത്ത് മതിയായ പോലീസ് സാന്നിധ്യം ഇല്ലാത്തതാണ് സംഭവത്തിന് കാരണമായതെന്നും ഇത്തരം സംഭവങ്ങൾ തടയാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഓട്ടോ ഡ്രൈവേഴ്‌സ് അസോസിയേഷൻ, കർണാടക സംരക്ഷണ വേദികെ, ബജ്‌റംഗ്ദൾ തുടങ്ങി വിവിധ സംഘടനകളുടെ അംഗങ്ങൾക്കൊപ്പം നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരും ചിക്കമംഗളൂരു ടൗൺ പോലീസ് സ്റ്റേഷന് സമീപം തടിച്ചുകൂടി പ്രതിഷേധിച്ചു. പിന്നാലെയായിരുന്നു അറസ്റ്റ്.















