കൊൽക്കത്ത; കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സമരം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി നടത്താനിരുന്ന ചർച്ചകൾക്ക് മുന്നോടിയായി ഡോക്ടർമാർ മുന്നോട്ട് വച്ച നിബന്ധനകൾ തള്ളി ബംഗാൾ സർക്കാർ. ചർച്ചയിൽ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കണമെന്നും, തത്സമയ സംപ്രേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാലിത് നടക്കില്ലെന്ന് സർക്കാർ അറിയിച്ചതോടെയാണ് സമരം തുടരുമെന്ന് പ്രതിഷേധിക്കുന്ന ഡോക്ടർമാർ അറിയിച്ചത്.
യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ 33ാം ദിവസവും സമരം ശക്തമായി തന്നെ തുടരുകയാണ്. ചർച്ചകൾ നടത്താൻ സർക്കാർ തയ്യാറാണെന്നും, രാഷ്ട്രീയ ശക്തികൾ പ്രതിഷേധത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നുമുണ്ടെന്ന ആരോഗ്യ സഹമന്ത്രി ചന്ദ്രിമ ഭട്ടാചാര്യയുടെ വാദങ്ങളേയും പ്രതിഷേധക്കാർ തള്ളി. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ആരോഗ്യമന്ത്രി പറയുന്നതെന്നും, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
വിവിധ ആശുപത്രികളിൽ നിന്നായി 30 പ്രതിനിധികളെങ്കിലും ചർച്ചയിൽ പങ്കെടുക്കണമെന്ന ആവശ്യവും ഡോക്ടർമാർ മുന്നോട്ട് വച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ പ്രതിഷേധ സമരം നടക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം മുന്നോട്ട് വച്ചത്. എന്നാൽ യോഗത്തിന് മുൻകൂർ വ്യവസ്ഥകൾ വച്ചത് അംഗീകരിക്കാനാകില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയായിരുന്നു. സംസ്ഥാന വ്യാപകമായി ആയിരത്തിലധികം ഡോക്ടർമാർ വിവിധ ഇടങ്ങളിൽ സമരം ചെയ്യുന്നുണ്ടെന്നാണ് വിവരം.
കഴിഞ്ഞ രണ്ട് ദിവസമായി ബംഗാളിലെ ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാസ്ഥ്യ ഭവന് മുന്നിലും വലിയ പ്രതിഷേധ സമരങ്ങളാണ് നടക്കുന്നത്. എന്നാൽ ഡോക്ടർമാർ എത്രയും വേഗം സമരം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തങ്ങളും പ്രതിഷേധ സമരം നടത്തുമെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീർ പറഞ്ഞു. സിബിഐ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് തൃണമൂൽ നേതാവ് കുനാൽ ഘോഷും വ്യക്തമാക്കി.















