കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീടുകളിൽ എൻഫോഴ്‌മെന്റ് ഡയറക്ടേററ്റ് പരിശോധന. സന്ദീപിന്റെ പിതാവായ സത്യ പ്രകാശ് ഘോഷിന്റെ വസതി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇഡി പരിശോധനകൾ നടത്തി.
സിബിഐയും സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസികളും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ മെഡിക്കൽ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലിയെയും ചോദ്യം ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. അഴിമതി കേസുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.
സന്ദീപ് ഘോഷ് പ്രിൻസിപ്പലായിരുന്ന സമയത്ത് കോളേജിൽ വൻ തോതിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. 2021 മുതൽ 2023 സെപ്തംബർ വരെയുള്ള കാലയളവിൽ ഇയാൾ തുടർച്ചയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബയോ-മെഡിക്കൽ മാലിന്യവുമായി ബന്ധപ്പെട്ടും അഴിമതികൾ നടന്നിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തി.
കഴിഞ്ഞ ആഴ്ചകളിലും സന്ദീപുമായി അടുപ്പമുള്ള ആളുകളുടെ വീട്ടിൽ പരിശോധനകൾ നടത്തിയിരുന്നു. ഇതിൽ നിന്നും സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് തെളിക്കുന്ന രേഖകളും മറ്റും സിബിഐ കണ്ടെടുത്തു.















