പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നിമാസ പൂജകള്‍ കൂടി ഉള്ളതിനാല്‍ ഭക്തര്‍ക്ക് തുടര്‍ച്ചയായ ഒന്‍പത് ദിവസം ഭഗവാനെ തൊഴാനുള്ള അവസരമുണ്ടാകും.
കന്നിമാസ പൂജകള്‍ക്ക് ശേഷം സെപ്തംബര്‍ 21 നാണ് നട അടയ്‌ക്കുക. ഓണത്തോടനുബന്ധിച്ച് ഉത്രാട നാളില്‍ മേല്‍ ശാന്തിയുടേയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടേയും അവിട്ടം നാളില്‍ പൊലീസിന്റേയും വകയായി സന്നിധാനത്ത് ഓണ സദ്യയുണ്ടാകും.