കൊൽക്കത്ത: കൊൽക്കത്തയിൽ പ്രതിഷേധ സമരം നടത്തുന്ന ഡോക്ടർമാർക്ക് പിന്തുണയുമായി കൊൽക്കത്ത നഗരവാസികൾ. ഡോക്ടർമാരുടെ ആവശ്യങ്ങൾ ബംഗാൾ സർക്കാർ അംഗീകരിക്കാതെ വന്നതോടെ കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യവകുപ്പ് ആസ്ഥാനത്തിന് മുന്നിൽ ഡോക്ടർമാർ പ്രതിഷേധസമരം നടത്തി വരികയാണ്. ഇവിടെ പ്രതിഷേധിക്കുന്നവർക്കാണ് പ്രദേശത്തെ ജനങ്ങൾ ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയത്.
ചൂടിനെ പ്രതിരോധിക്കാൻ ഫാനുകൾ ഉൾപ്പെടെ പ്രദേശവാസികൾ എത്തിച്ച് നൽകിയിട്ടുണ്ട്. ജൂനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി സീനിയർ ഡോക്ടർമാർ അടക്കമുള്ളവർ സമരവേദിയിൽ എത്തുന്നുണ്ട്. ഇതിന് പുറമെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഉള്ളവരും ഇവർക്ക് പിന്തുണയുമായി എത്തുന്നുണ്ട്. ജൂനിയർ ഡോക്ടർമാർക്കുള്ള ഭക്ഷണവും വെള്ളവുമായി അൻപത് വയസ്സിന് മുകളിൽ പ്രായമുള്ള ഒരുകൂട്ടം സ്ത്രീകൾ രാവിലെ തന്നെ ഇവിടെ എത്തിയിരുന്നു.
ഇവർ ഭക്ഷണം വിളമ്പി നൽകുന്നതിന്റെ ഉൾപ്പെടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇവിടെ പ്രതിഷേധത്തിനിരിക്കുന്ന ഓരോരുത്തരും തങ്ങൾക്കും മക്കളെ പോലെ ആണെന്നും, അവർ കഷ്ടത അനുഭവിച്ച് നല്ല കാര്യത്തിനായി പ്രയത്‌നിക്കുമ്പോൾ അവർക്കായി ഭക്ഷണം ഒരുക്കി നൽകേണ്ടത് തങ്ങളുടെ കടമയാണെന്നും പ്രദേശവാസിയായ മായ റോയ് പറയുന്നു.
ഇതിന് പുറമെ ജാദവ്പൂർ സർവ്വകലാശാല വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നു. വിവിധ കമ്പനികളിൽ നിന്നുള്ള ജീവനക്കാർ, ഡെലിവറി ബോയ്‌സ് തുടങ്ങിയവരും ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി വേദിയിലെത്തിയിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ഉറപ്പാകണമെന്നും, ഇനിയൊരിക്കലും ആർക്കും ഇത് സംഭവിക്കാതിരിക്കാൻ തങ്ങളും ഈ പ്രതിഷേധത്തിന്റെ ഭാഗമാവുകയാണെന്ന് സമീപത്തെ ഹൗസിംഗ് സൊസൈറ്റിയിലെ അംഗങ്ങൾ പറയുന്നു.















