സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറെ വിരാട് കോലി മറികടക്കുമോ…? എന്ന ചോദ്യം വിരാടിൻ്റ അരങ്ങേറ്റ നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ്. സച്ചിൻ പിന്നിട്ട ഏതൊക്കെ റെക്കോർഡുകൾ എന്ന ചോദ്യം പക്ഷേ അപ്പോഴും അവശേഷിച്ചു. ടി20 യിൽ നിന്ന് വിരമിച്ച 35-കാരൻ നിലവിൽ ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണ് തുടരുന്നത്. 100 സെഞ്ച്വറിയുള്ള സച്ചിന് പിന്നിൽ നിൽക്കുന്ന കോലിക്ക് 80 അന്താരാഷ്‌ട്ര സെഞ്ച്വറികളുണ്ട്.
ബംഗ്ലാദേശിനെതിരെ ആരംഭിക്കുന്ന പരമ്പരയിൽ കോലിയെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോർഡാണ്. കരിയറിൽ 27,000 അന്താരാഷ്‌ട്ര റൺസ് നേടാൻ താരത്തിന് ഇനി 58 റൺസ്കൂടി മതിയാകും. ഇത് നേടിയാൽ ഏറ്റവും വേഗത്തിൽ 27,000 റൺസ് തികയ്‌ക്കുന്ന താരമെന്ന നേട്ടം കോലിക്ക് സ്വന്തമാകും. നിലവിൽ ആ റെക്കോർഡ് മാസ്റ്റർ ബ്ലാസ്റ്ററിന്റെ പേരിലാണ്. 623 മത്സരങ്ങളിൽ നിന്നാണ് സച്ചിൻ ആ റെക്കോർഡിലെത്തിയത്. 226 ടെസ്റ്റ് ഇന്നിംഗ്സ്, 396 ഏകദിന ഇന്നിംഗ്സ്, ഒരു ടി20 എന്നിവയിൽ നിന്നാണ് സച്ചിൻ 27,000 റൺസ് നേടിയത്.
വിരാട് കോലിക്ക് 591 ഇന്നിംഗ്സുകളിൽ നിന്ന് 26,942 റൺസിന്റെ സമ്പാദ്യമുണ്ട്.അടുത്ത എട്ട് ഇന്നിംഗ്സുകള്‍ക്കുള്ളില്‍ 58 റണ്‍സ് നേടിയാല്‍ 147 വര്‍ഷത്തെ രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തില്‍ 600 ഇന്നിംഗ്സിനുള്ളിൽ 27,000 റൺസ് നേടുന്ന ആദ്യ താരവും കോലിയാകും.















