കൊളസ്ട്രോൾ കുറയ്‌ക്കുന്നതിനായി പല വ്യായാമങ്ങളും ആഹാര ക്രമീകരണങ്ങളും നടത്തുന്നവർ നമുക്ക് ചുറ്റുമുണ്ട്. അതിനായി ചിലർ തങ്ങളുടെ ശീലങ്ങൾ മാറ്റാറുണ്ട്. പോഷകസമ്പന്നമായ പ്രഭാതഭക്ഷണം കഴിച്ച് ദിവസം തുടങ്ങുന്നത് കൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായിക്കും. പഴ വർഗങ്ങൾ, നട്സ് എന്നിവ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്‌ക്കുന്നു. സോലുബിൾ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നതിലൂടെ കൊളസ്ട്രോൾ അഞ്ച് ശതമാനം വരെ കുറക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ചില വെജിറ്റബിൾ ജ്യൂസ് കഴിക്കുന്നതും ഉത്തമമാണ്. അവ ഏതൊക്കെയെന്ന് നോക്കാം.
തക്കാളി ജ്യൂസ്
കൊളസ്ട്രോൾ കൂടുതലുള്ളവർ തക്കാളി ജ്യൂസ് കഴിക്കുന്നത് ഉപയോഗപ്രദമാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈകോപീനുകൾ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്നു. ഫൈബർ, ആന്റി ഓക്സിഡന്റുകൾ എന്നിവയും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. അതിരാവിലെ തക്കാളി ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നത് നല്ലതാണ്.
ബീറ്റ്റൂട്ട് – ക്യാരറ്റ് ജ്യൂസ്
കൊളസ്ട്രോൾ കൂടുതലുള്ളവർ ബീറ്റ്റൂട്ട് ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് ഉത്തമമാണ്. കാരണം, ബീറ്റ്റൂട്ടിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ ബീറ്റ്റൂട്ട് ജ്യൂസ് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു. അതുപോലെ തന്നെയാണ് ക്യാരറ്റ് ജ്യൂസും. ഫൈബർ അടങ്ങിയിട്ടുള്ള ക്യാരറ്റ് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുന്നു. രുചിയ്‌ക്ക് വേണ്ടി ആവശ്യമെങ്കിൽ പാൽ ചേർക്കാവുന്നതാണ്.
ചീര ജ്യൂസ്
അധികം കേട്ടിട്ടില്ലാത്ത ഒന്നാണ് ചീര ജ്യൂസ്. ചീര നന്നായി കഴുകിയ ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സിയിൽ അടിച്ചെടുക്കണം. ആവശ്യമെങ്കിൽ പാലൊഴിച്ച് കൊടുക്കാം. ചീരയിലും ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.















