കൊൽക്കത്ത: കൊൽക്കത്ത കൊലപാതകത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം കടുത്തതോടെ രാജി സന്നദ്ധത അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുഖ്യമന്ത്രി പദം രാജി വെക്കാൻ തയാറാണെന്ന് മമത പറഞ്ഞു. താൻ പദവിയെക്കുറിച്ച് ആലോചിക്കുന്ന വ്യക്തിയല്ല. നീതി ലഭിക്കുക എന്നതാണ് പ്രധാനം. നീതി ലഭ്യമാക്കുക എന്ന കാര്യത്തിൽ മാത്രമാണ് തനിക്ക് ആശങ്കയുള്ളതെന്നും മമത പറഞ്ഞു. പ്രതിഷേധം തുടരുന്ന ജൂനിയർ ഡോക്ടർമാരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്‌ക്കിടെയാണ് മമതയുടെ പ്രസ്താവന.
ബംഗാൾ സർക്കാർ എപ്പോൾ വേണമെങ്കിലും ചർച്ചയ്‌ക്ക് തയാറാണെന്നും എന്നാൽ ചിലർ സ്ഥാപിത താൽപര്യങ്ങളോടെ പ്രതിഷേധം ദുരുപയോഗം ചെയ്യുകയാണെന്നും മമത പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞ സർക്കാർ വിരുദ്ധ പ്രചരണങ്ങൾക്ക് രാഷ്‌ട്രീയ നിറമുണ്ടെന്നും ഇത് സാധാരണ ജനങ്ങൾക്ക് മനസിലാവില്ല. ഇതിനുപിന്നിലുള്ളവർക്ക് നീതി അല്ല തന്റെ കസേരയാണ് ആവശ്യമെന്നും അവർ പറഞ്ഞു.
എന്നാൽ രണ്ട് മണിക്കൂറോളം സെക്രട്ടേറിയറ്റിന് പുറത്ത് കാത്ത് നിന്നശേഷമാണ് ഡോക്ടർമാരുടെ സംഘത്തിന് മമതയെ കാണാൻ അനുവാദം ലഭിച്ചത്. 5 മണിക്ക് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്‌ച വൈകിയാണ് ആരംഭിച്ചത്. ഡോക്ടർമാരുടെ ഉപാധികൾ അംഗീകരിക്കാൻ തയാറാകാതിരുന്നതാണ് മീറ്റിങ് അനിശ്ചിതമായി നീണ്ടുപോയത്. കൂടിക്കാഴ്ചയുടെ തത്സമയ സംപ്രേഷണം അനുവദിക്കണമെന്ന ഉപാധി നിരസിച്ചുകൊണ്ടാണ് മമത ഒടുവിൽ കൂടിക്കാഴ്ചയ്‌ക്ക് തയാറായത്.