പാലത്തിൽ നിന്നും നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന സ്ത്രീയെ രക്ഷിക്കുന്ന അമേരിക്കൻ ഗായകൻ ബോൺ ജോവിയുടെ വീഡിയോ ആണിപ്പോൾ ഇന്റെർനെറ്റിൽവൈറലായി മാറിയിരിക്കുന്നത്. ടെന്നസിയിലെ നാഷ്‌വില്ലയിൽ ബോൺ ജോവിയുടെ മ്യൂസിക് വീഡിയോ ചിത്രീകരണത്തിനിടെയായിരുന്നു അപ്രതീക്ഷിത രംഗങ്ങൾ. ജോൺ സീഗെന്തലർ നടപ്പാലത്തിൽ നിന്നുമാണ് മധ്യവയസ്കയായ സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചത്.
പാലത്തിന്റെ കൈവരികളിൽ നിലയുറപ്പിച്ചിരുന്ന ഇവർ താഴേക്ക് ചാടാൻ ഒരുങ്ങുകയായിരുന്നു. തന്റെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ജോണ് ബോവി ഇതുകാണുകയും ഉടൻ തന്നെ ഇവർക്കടുത്തേക്ക് നടന്നടുക്കയും ചെയ്തു. സ്ത്രീക്ക് സമീപത്തായി നിലയുറപ്പിച്ച അദ്ദേഹം അവരെ സമാധാനിപ്പിക്കുകയും ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. തുടർന്ന് ഗായകനും സഹപ്രവർത്തകരും ചേർന്ന് ഇവരെ സുരക്ഷിതമായി പാലത്തിന്റെ നടുഭാഗത്തേക്ക് എത്തിച്ചു.
വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചതോടെ നാഷ്‌വില്ലേ പോലീസ് ഗായകന്റെ പ്രവർത്തിക്ക് അഭിനന്ദനവുമായെത്തി. സമയോചിതമായ ഇടപെടലിലൂടെ സ്ത്രീയുടെ ജീവൻ രക്ഷിച്ച ജോൺ ബോവിക്ക് സോഷ്യൽ മീഡിയയിലും അഭിനന്ദനപ്രവാഹമാണ്.















