കോഴിക്കോട്: വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ പിരിവ് നടത്തി പണം തട്ടിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് സസ്പെൻഷൻ. കോഴിക്കോട് ജില്ലാ നേതൃത്വമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കികൊണ്ട് ആരോപണ വിധേയനായ പാർട്ടി പ്രവർത്തകനെ സസ്പെൻഡ് ചെയ്തത്. പണപ്പിരിവ് സംബന്ധിച്ച ആരോപണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ അറിയിച്ചു. കോഴിക്കോട് ചേളന്നൂരിലെ പ്രവർത്തകനായ അനസിനെയാണ് സസ്പെൻഡ് ചെയ്തത്.
വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ പേരിൽ കെഎസ്‌യു സംസ്ഥാന സെക്രട്ടറി സനൂജ് കുരുവട്ടൂരിന്റെ നിർദേശ പ്രകാരം യൂത്ത് കോൺഗ്രസ് ചേളന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് അശ്വിൻ, കോൺഗ്രസ് പ്രവർത്തകൻ അനസ് എന്നിവരാണ് പിരിവ് നടത്തിയത്. എന്നാൽ ഈ തുക വകമാറ്റി ചെലവഴിച്ചുവെന്നാണ് പരാതി
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സംസ്ഥാന അദ്ധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ കമ്മീഷനെ രൂപീകരിച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ നേതൃത്വത്തിലാണ് കമ്മീഷൻ അന്വേഷണം നടത്തിയത്.
എന്നാൽ, പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് കമ്മീഷൻ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. പിന്നാലെയാണ് കോഴിക്കോട് ഡിസിസി നേതൃത്വം അനസിനെതിരെ നടപടി സ്വീകരിച്ചത്. ഇതോടെ പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞ് തള്ളിയ സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കുകയാണ്.