ന്യൂഡൽഹി: അതിർത്തി സംബന്ധമായി ചൈനയുമായുള്ള പ്രശ്‌നങ്ങളിൽ 75 ശതമാനവും പരിഹരിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എങ്കിലും രണ്ട് രാജ്യങ്ങൾക്കിടയിലും ഇനിയും ധാരാളം ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിലും ഇന്ത്യയും ചൈനയും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത് എന്ന കാര്യവും അദ്ദേഹം കൂട്ടിച്ചേർത്തു.
” നേരത്തെയും ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിൽ വളരെ അടുത്ത ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. 2020ൽ ഒന്നിലധികം കരാറുകളുടെ ലംഘനമാണ് നടന്നത്. യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് നിരവധി ചൈനീസ് സൈനികർ എത്തി. ഇതിന് മറുപടിയായി ഇന്ത്യയുടെ സൈനികരേയും അവിടേക്ക് മാറ്റേണ്ടതായി വന്നു.ഇപ്പോൾ ഇന്ത്യ-ചൈന അതിർത്തിയിലെ 75 ശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചു കഴിഞ്ഞുവെന്ന്” ജയശങ്കർ പറഞ്ഞു. ജനീവ സെന്റർ ഫോർ സെക്യൂരിറ്റി പോളിസിയിൽ അംബാസഡർ ജീൻ-ഡേവിഡ് ലെവിറ്റുമായി നടത്തിയ ചർച്ചയ്‌ക്കിടെയാണ് പരാമർശം.
”സമാധാനത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും പ്രശ്‌നപരിഹാരത്തിനാണ് എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത്. ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിൽ വളരെ സങ്കീർണമായ ബന്ധമാണ് ഉള്ളത്. വളരെ അധികം മോശം കാലഘട്ടത്തിലൂടെ ഇത് കടന്നു പോയിട്ടുണ്ടെന്നും” ജയശങ്കർ പറയുന്നു. കഴിഞ്ഞ മാസം അവസാനം ബീജിംഗിൽ ചേർന്ന ഡബ്ല്യുഎംസിസി യോഗത്തിൽ മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ഇരുപക്ഷവും വ്യക്തമാക്കിയിരുന്നു.