തൃമൂർത്തികളിൽ സ്ഥിതിയുടെ കാരകനാണ് എല്ലാം അറിയുന്ന ജഗന്നാഥനായ ഭഗവാൻ മഹാവിഷ്ണു. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും വരെ നിറഞ്ഞു നില്‍ക്കുന്ന ഭഗവാന്റെ ലീലകൾ വിവരണാതീതമാണ്. സകല ചരാചരങ്ങളെയും പരിപാലിക്കുന്ന ഭഗവാൻ മഹാവിഷ്ണുവിനെയാണ് സർവ്വരും എന്തിനും ഏതിനും ആശ്രയിക്കുന്നത്. അതിനാലാണ് മഹാവിഷ്ണു നാരായണനാകുന്നത്. ഭഗവാന്റെ കൈയ്യിലെ സുദര്‍ശനമാണ് ഈ പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്നത്.
ജഗദ് നിയന്താവായ വിഷ്ണു ഭഗവാൻ ലോക കല്യാണാർത്ഥം ഭൂമിയിൽ 10 അവതാരങ്ങൾ എടുത്തു. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിങ്ങനെയാണ് ദശാവതാരങ്ങൾ. ഭഗവാൻ മഹാവിഷ്ണുവിന്റെ മനുഷ്യ രൂപത്തിലുള്ള അവതാരങ്ങളിൽ ഒന്നാമത്തേത് അഞ്ചാമത്തെ അവതാരമായ വാമനാവതാരമാണ്.
ഹൈന്ദവർ വാമനദേവനെ വാമനമൂർത്തിയായും തൃവിക്രമനായും ആരാധിക്കുകയും അദ്ദേഹത്തിന്റെ ജനനം വാമനജയന്തിയായി ആഘോഷിക്കുകയും ചെയ്യുന്നു.ജയന്തി ദിനത്തിൽ വാമനനെ ഹൃദയപൂർവ്വം ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നത് ഭാരതത്തിൽ സർവ്വസാധാരണമാണ് .
ഇതും വായിക്കുക
വാമനൻ മഹാബലിയെ ചവിട്ടിത്താഴ്‌ത്തിയെന്ന കള്ളക്കഥയുടെ യാഥാർഥ്യം.
എന്തുകൊണ്ടാണ് മഹാവിഷ്ണു വാമനാവതാരമെടുക്കേണ്ടി വന്നതെന്ന് നമുക്ക് നോക്കാം.
ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വാദശി തിഥിയും തിരുവോണം നക്ഷത്രവും ചേർന്ന് വരുന്ന പുണ്യ ദിനത്തിലാണ് മഹാവിഷ്ണു വാമന രൂപം പൂണ്ടത്. അന്നേ ദിവസമാണ് വാമന ജയന്തി ആഘോഷിക്കുന്നത്. ഈ വർഷം ഈ ദിനം 2024 സെപ്റ്റംബർ 15 നാണ്.
കശ്യപ പ്രജാപതിയുടെ വംശത്തിൽ പരമഭക്തനായ പ്രഹ്ലാദന്റെ പൗത്രനായിട്ട് പിറന്ന ഇന്ദ്രസേനൻ എന്ന മഹാബലി ചക്രവർത്തിയുടെ ഭരണം ഭൂമിയിൽ നടക്കുകയും അത് ചില ഘട്ടങ്ങളിൽ ദേവഗണത്തിനും അതീതമായി പോകുകയും ചെയ്തപ്പോഴാണ് ഭഗവാൻ തൃവിക്രമനായി അവതാരമെടുത്തത്. ധർമ്മ ശാസനങ്ങൾക്ക് ക്ഷതം സംഭവിച്ചതായി ദേവന്മാർക്കിടയിൽ പോലും മുറവിളി ഉയരുകയും കൂടി ചെയ്തപ്പോൾ ബലി രാജാവിന്റെ അഹം എന്ന ഭാവത്തെ നീക്കം ചെയ്ത് അദ്ദേഹത്തെ വിമലീകരിക്കുകയായിരുന്നു വാമനാവതാരത്തിന്റെ ലക്‌ഷ്യം. അദിതി ദേവിയുടെയും ഋഷി കശ്യപന്റെയും മകനായാണ് അദ്ദേഹം ജനിച്ചത്.
ഒരിക്കൽ മഹാബലി ഒരു അശ്വമേധ യജ്ഞം നടത്താൻ തീരുമാനിച്ചു. യജ്ഞം നടത്തുമ്പോൾ തന്നെ സമീപിക്കുന്ന ഏതൊരാൾക്കും അവർ ആവശ്യപ്പെടുന്നതെന്തും നൽകുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. വിനീതനായ ബ്രാഹ്മണനായ വാമനൻ മഹാബലിയുടെ സവിധത്തിലെത്തി ഭിക്ഷയായി മൂന്നടി ഭൂമി ചോദിച്ചു.അത് നൽകാമെന്ന് മഹാബലി സമ്മതിച്ചു. ദാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.വാമനൻ ഒരു ഭീമാകാരമായ വലുപ്പത്തിലേക്ക് വളർന്നു . അദ്ദേഹം തന്റെ ആദ്യ ചുവടുകൊണ്ട് ഭൂമിയെയും രണ്ടാം ചുവട് കൊണ്ട് ആകാശത്തെയും അളന്നു. എന്നിട്ട് മഹാബലിയോട് മൂന്നാമത്തെ ചുവട് എവിടെ വെക്കണം എന്ന് ചോദിച്ചു.
മൂന്നാം ചുവടിനുള്ള സ്ഥലമായി അദ്ദേഹം സ്വന്തം ശിരസ്സ് കുനിച്ചു കൊടുത്തു. മഹാബലിയുടെ ഭക്തിയിലും ഔദാര്യത്തിലും ദാന ധർമ്മത്തിലും സന്തുഷ്ടനായ മഹാവിഷ്ണു അദ്ദേഹത്തെ അനുഗ്രഹിച്ചു. തന്റെ ഉത്തമ ഭക്തനായ മഹാബലിചക്രവർത്തിക്ക് തൃവിക്രമനായ വാമനൻ പാദ ദീക്ഷ നൽകി, ഭൂതലത്തിനു താഴെയുള്ള സുതലത്തിലേക്ക് അയച്ചു. സാവർണ്ണി മനുവിൻെറ കാലത്തു മഹാബലിക്ക് ഇന്ദ്രപദം ലഭിക്കുമെന്ന അനുഗ്രഹവും ഭഗവാൻ അവിടെ കൊടുക്കുന്നു.
കേരളത്തിൽ ഓണമായി ആഘോഷിക്കുന്ന വർഷത്തിലൊരിക്കൽ തന്റെ രാജ്യം സന്ദർശിക്കാൻ അദ്ദേഹം അദ്ദേഹത്തെ അനുവദിച്ചു. തിന്മയ്‌ക്കെതിരെ നന്മയും അഹങ്കാരത്തിന്മേൽ വിനയവും അഹങ്കാരത്തിന്മേൽ ഭക്തിയും നേടിയ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ് വാമനജയന്തി.
എളിമയും ഉദാരതയും നിലനിർത്തി ഈശ്വരനോട് വിശ്വസ്തതയും പുലർത്തിയാൽ ഭക്തർക്ക് മോക്ഷം ലഭിക്കുമെന്നുള്ളതാണ് ഓണത്തിന്റെയും വാമനജയന്തിയുടെയും സന്ദേശം.















