കണ്ണൂർ: ഓണാഘോഷത്തിനിടെ വാഹനത്തിന് മുകളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടി. കണ്ണൂർ കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിലാണ് സംഭവം. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെടെ അപകടകരമായ രീതിയിലാണ് വാഹനത്തിൽ യാത്ര ചെയ്തത്.
വിദ്യാർത്ഥികൾ സാഹസികമായി യാത്ര ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹനവകുപ്പ് കേസെടുത്തത്. കാറിന് മുകളിലും ഡോറുകളിലുമിരുന്നായിരുന്നു വിദ്യാർത്ഥികളുടെ സാഹസികയാത്ര. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും യാത്ര ചെയ്തതിനും വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
വിദ്യാർത്ഥികളുടെ സാഹസിക യാത്രയെ തുടർന്ന് ഗതാഗതം ഏറെ നേരം തടസപ്പെട്ടു. കോളേജിന് പുറത്ത് ആഡംബര വാഹനങ്ങളിലായിരുന്നു വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം. നാട്ടുകാരിൽ ചിലരാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്.
കഴിഞ്ഞ ദിവസം കോഴിക്കോട് ഫാറൂഖ് കോളേജിലും ഓണാഘോഷത്തിനിടെ വിദ്യാർത്ഥികൾ അപകടകരമായി രീതിയിൽ വാഹനം ഓടിച്ചിരുന്നു. ഇവർക്കെതിരെയും മോട്ടോർ വാഹനവകുപ്പ് കേസെടുത്തിട്ടുണ്ട്.