ചെന്നൈ: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് സി ആർ കേശവൻ. മമത ബാനർജി നാടകങ്ങളെല്ലാം ഒഴിവാക്കി ധർമ്മത്തിന് കീഴടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”മമതയുടെ പൊയ്മുഖം എല്ലാവർക്കും മുന്നിൽ അഴിഞ്ഞുവീണു. ഇന്നലെ ജൂനിയർ ഡോക്ടർമാർ മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ രണ്ട് മണിക്കൂർ സെക്രട്ടറിയേറ്റിന് പുറത്ത് കാത്തുനിന്ന ശേഷമാണ് ഡോക്ടർമാർക്ക് അനുമതി ലഭിച്ചത്. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് മമത സർക്കാർ എതിർക്കുകയും ചെയ്തു. എന്തുകൊണ്ടാണ് മമത സർക്കാർ സുതാര്യതയെ ഭയക്കുന്നത്. ഇതിൽ നിന്നെല്ലാം മമത ഇരയ്‌ക്ക് ലഭിക്കേണ്ട നീതി നിഷേധിക്കുകയാണെന്ന് മനസിലാക്കാം.” സിആർ കേശവൻ പറഞ്ഞു.
മമത സർക്കാർ കുറ്റവാളികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. വിദ്യാർത്ഥികൾക്കായി താൻ 2 മണിക്കൂർ കാത്തുനിന്നെന്നും അതിനാലാണ് ജൂനിയർ ഡോക്ടർമാരുമായുള്ള യോഗത്തിൽ അനിശ്ചിതത്വം നേരിട്ടതെന്നുമായിരുന്നു മമതയുടെ വിചിത്ര ന്യായീകരണം. മകളുടെ കൊലപാതകം അറിഞ്ഞ ശേഷം മൃതദേഹം കാണാനായി മാതാപിതാക്കൾ കാത്തിരുന്നത് 3 മണിക്കൂറോളമാണ്. ഇക്കാര്യം മമത മറക്കരുതെന്നും സിആർ കേശവൻ വ്യക്തമാക്കി.
ഡോക്ടർമാരുടെ പ്രതിഷേധം കടുത്തതോടെ രാജി സന്നദ്ധതയും മമത അറിയിച്ചിരുന്നു. എന്നാൽ ഇത് ‘ ലേഡി മാക്ബത്തി’ന്റെ അടുത്ത നാടകമാണെന്നാണ് ഉയർന്നുവരുന്ന വിമർശനങ്ങൾ.