ബെംഗളൂരു: നാഗമംഗല അക്രമത്തെ ചെറിയ സംഭവമെന്ന് വിശേഷിപ്പിച്ച് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര നടത്തിയ പ്രസ്താവനക്കെതിരെ എച്ച്‌ഡി കുമാരസ്വാമി രംഗത്തെത്തി. മാണ്ഡ്യയിൽ നിന്നുള്ള എംപിയാണ് കേന്ദ്ര ഉരുക്ക്, ഘനവ്യവസായ മന്ത്രി എച്ച്‌ഡി കുമാരസ്വാമി.
ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കു നേരെ അക്രമവും കലാപവും നടന്ന നാഗമംഗലയിൽ കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമി വ്യാഴാഴ്ച സന്ദർശനം നടത്തി. ഉദ്യോഗസ്ഥരിൽ നിന്നും നാട്ടുകാരിൽ നിന്നും യഥാർത്ഥ സ്ഥിതിഗതികൾ അദ്ദേഹം നേരിട്ട് മനസ്സിലാക്കി.
തന്റെ സന്ദർശന വേളയിൽ കുമാരസ്വാമി കലാപം ബാധിച്ച കടകളുടെ ഉടമകളുമായി സംസാരിക്കുകയും അവരുടെ പരാതികൾ കേൾക്കുകയും ചെയ്തു.
നാഗമംഗലയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കു നേരെ ഉണ്ടായ കല്ലേറും തുടർന്നുണ്ടായ അക്രമവും ആസൂത്രിതമായ സംഭവമാണെന്നും കുമാരസ്വാമി പറഞ്ഞു. സംസ്ഥാന സർക്കാർ വോട്ടിന് വേണ്ടി ഒരു സമുദായത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിൽ സമാധാനപരമായി നടന്നുവരികയായിരുന്ന ഭക്തരെ ലക്ഷ്യമിട്ട് ഒരു സമുദായത്തിലെ അക്രമികൾ പൊതുജനങ്ങൾക്കും പോലീസുകാർക്കും നേരെ കല്ലും ചെരിപ്പും എറിഞ്ഞ് ബോധപൂർവം ബഹളം വച്ചത് ടൗണിലെ ക്രമസമാധാന പരാജയത്തിന്റെ തെളിവാണ്. അവർ പെട്രോൾ ബോംബുകൾ എറിയുകയും, വാളുകൾ വീശുകയും ചെയ്തു ” അദ്ദേഹം പറഞ്ഞു.
പ്രീണന രാഷ്‌ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ കോൺഗ്രസിന് ദിനങ്ങൾ മോശമാകുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിലെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറണമെന്ന് കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലാജെ ആവശ്യപ്പെട്ടു.















