പ്രകൃതിദത്തമായ മധുരങ്ങളിലൊന്നാണ് തേൻ. ശുദ്ധമായ തേൻ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇഞ്ചി നീരിനൊപ്പം ചേർത്തും ഗ്രീൻ ടീക്ക് ഒപ്പവും നാം തേൻ ചേർത്ത് കഴിക്കാറുണ്ട്. എന്നാൽ തേൻ ചേർത്ത് കഴിക്കാൻ പാടില്ലാത്ത മറ്റ് ചില ആഹാര വസ്തുക്കളുമുണ്ട്. അവ ഏതെന്ന് അറിയാം..
ചൂടുവെള്ളത്തിനൊപ്പം തേൻ ചേർക്കുന്നത്
ചൂടുള്ള പാനീയങ്ങളിലേക്ക് തേൻ ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പഠനങ്ങൾ പറയുന്നു. ചായ തിളച്ചു വരുമ്പോഴോ ചൂടുവെള്ളത്തിലോ ഇത്തരത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് ആളുകൾ പൊതുവെ ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇത് ദഹനപ്രശ്‌നങ്ങളിലേക്ക് വഴിവയ്‌ക്കും.
തേൻ 40 ഡിഗ്രിക്ക് മുകളിൽ ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്ന് ആയുർവേദങ്ങളിൽ പറയുന്നു. തേൻ ചൂടാവുമ്പോൾ ടോക്‌സിൻ പദാർത്ഥങ്ങൾ രൂപപ്പെടുകയും മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ശരീരത്തിനാവശ്യമായ എൻസൈമുകളെയും ആന്റി ഓക്‌സിഡന്റുകളെയും നശിപ്പിച്ച് ദഹനപ്രക്രിയകൾ മോശമാക്കുന്നു.
വെളുത്തുള്ളിയും തേനും
വെളുത്തുള്ളി തേനിനൊപ്പം ചേർത്ത് കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. വെളുത്തുള്ളിയിൽ ആന്റിമൈക്രോബിയൽ ഘടകങ്ങൾ നിരവധിയാണ്. ഇത് തേനുമായി ചേരുമ്പോൾ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവാൻ ഇടയുണ്ട്.
വെള്ളരിയും തേനും
വെള്ളരിക്കൊപ്പം തേൻ ചേർത്ത് കഴിക്കുന്നത് ശരീരത്തെ അസന്തുലിതാവസ്ഥയിലേക്കെത്തിക്കുന്നു. ശരീരത്തെ തണുപ്പിക്കുക എന്ന ധർമ്മമാണ് വെള്ളരിക്കുള്ളത്. വേനൽ കാലങ്ങളിൽ വെള്ളരി കഴിക്കണമെന്ന് പറയുന്നതിന്റെ മുഖ്യകാരണവും ഇതാണ്. എന്നാൽ ശരീരത്തിനാവശ്യമായ ചൂട് നൽകുകയാണ് തേൻ ചെയ്യുന്നത്. ഇവ രണ്ടും കൂടിച്ചേരുമ്പോൾ അസന്തുലിതാവസ്ഥയുണ്ടാകുന്നു.
തേനും ഇറച്ചി വിഭവങ്ങളും
ഇന്ന് പൊതുവെ ഹോട്ടലുകളിൽ കണ്ട് വരുന്ന വിഭവങ്ങളിലൊന്നാണ് ‘ഹണി അൽഫാം’. ഇറച്ചിക്ക് മുകളിൽ തേനൊഴിച്ചുണ്ടാക്കുന്ന വിഭവമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ ഏത് മാംസാഹരങ്ങൾക്കൊപ്പവും തേൻ ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് ദഹനപ്രക്രിയകൾക്ക് തടസം നിൽക്കുകയും വയറുവേദനയ്‌ക്ക് കാരണമാവുകയും ചെയ്യുന്നു.
നെയ്യും തേനും
ശരീരത്തെ അസന്തുലിതാവസ്ഥയിലേക്ക് തള്ളിവിടുന്ന ആഹാരങ്ങളിലൊന്നാണ് തേനും നെയ്യും. ഇവ രണ്ടും ഒരുമിച്ച് ഭക്ഷിക്കുന്നത് ആരോഗ്യസ്ഥിതി വളഷാക്കുന്നുവെന്നാണ് പഠനങ്ങളിൽ പറയുന്നത്.