മലപ്പുറം: രാഷ്‌ട്രീയ നിരീക്ഷകനും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി പി വി അൻവർ എംഎൽഎ. സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് കേട്ടാൽ അറയ്‌ക്കുന്ന തെറിവാക്കുകൾ ജനപ്രതിനിധി ഉപയോഗിച്ചിരിക്കുന്നത്. തെണ്ടി, ചെറ്റ, തുടങ്ങി ജയശങ്കറിന്റെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നത് വരെ എത്തി അൻവറിന്റെ വാക്കുകൾ. വർഗീയ വാദിയെന്ന് സമൂഹ മാധ്യമത്തിലൂടെ പരാമർശിച്ചു എന്നു പറഞ്ഞാണ് ജയശങ്കറിനെതിരെ പി വി അൻവർ ഭീഷണി മുഴക്കിയത്.
ഒരു ബക്കറ്റ് കക്കൂസ് മാലിന്യവുമായി നിന്റെ ഓഫീസിൽ വരുമെന്നും അത് നിന്റെ തലയിലൊഴിക്കുമെന്നാണ് ഭീഷണി. എംജി റോഡിലൂടെ ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും മലം കൊണ്ട് മുടുമെന്നും അൻവർ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ വന്ന കാണാനായിരുന്നു വിചാരിച്ചത്. കൂടെയുള്ളവർ തടഞ്ഞതു കൊണ്ടാണ്. പത്തു ദിവസം അകത്തു കിടന്നാലും കുഴപ്പമില്ലെന്നും അൻവർ പറയുന്നു.
ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ജയശങ്കർ ചാനൽ ചർച്ചകലിലെ സജീവ സാന്നിധ്യമാണ്. എല്ലാ പൊതു വിഷയങ്ങളിലും തന്റെ അഭിപ്രായം പറയാറുണ്ട് . ചാനൽ ചർച്ചകളിൽ മറ്റും അദ്ദേഹം അൻവറിന് എതിരെ രംഗത്ത് വന്നിരുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത എംഎൽഎയുടെ പദപ്രയോഗം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. പരസ്യമായി ഇങ്ങനെയാണെങ്കിൽ ശരിക്കും അൻവർ എങ്ങനെ ആയിരിക്കുമെന്ന ചോദ്യവും കമന്റുകളിൽ നിറയുന്നുണ്ട്.















