മധുര : ക്ഷേത്രത്തിലുണ്ടായ തീപിടുത്തതിൽ ഗുരുതരമായി പൊള്ളലേറ്റ ആന ചരിഞ്ഞു .ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപമുള്ള കുന്രാക്കുടി ഷൺമുഖനാഥൻ ക്ഷേത്രത്തിലാണ് തീപിടുത്തമുണ്ടായത് . സുബ്ബുലക്ഷ്മി എന്ന ആനയ്‌ക്കാണ് ദാരുണാന്ത്യം .
ആനയെ പാർപ്പിക്കാനായി ക്ഷേത്രത്തിനോട് ചേർന്ന് തകര ഷെഡ് നിർമ്മിച്ചിരുന്നു . അർദ്ധരാത്രിയിൽ ഷെഡിനും , സമീപത്തുണ്ടായിരുന്ന മരങ്ങൾക്കും തീപിടിച്ചത്. സമീപത്ത് ഉണങ്ങിയ ചെടികളും വള്ളികളും ഉണ്ടായിരുന്നതിനാൽ തീ അതിവേഗം പടർന്നു. ചങ്ങലയിട്ട ആനയുടെ ശരീരമാസകലം പൊള്ളലേറ്റു. വേദന താങ്ങാനാകാതെ ആന ചങ്ങല പൊട്ടിച്ച് ഓടിയെങ്കിലും അല്പദൂരം പിന്നിട്ട് തളർന്ന് വീണു..
ബഹളം കേട്ടെത്തിയ ക്ഷേത്രം അധികൃതർ വനംവകുപ്പിനെയും മൃഗാശുപത്രിയേയും വിവരമറിയിച്ചു. ഇരു വകുപ്പുകളിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയ്‌ക്ക് ആവശ്യമായ ചികിത്സ നൽകി. എന്നാൽ തീപിടിത്തത്തിൽ ആനയുടെ തുമ്പിക്കൈ, മുഖം, വയറ്, തല, പുറം, വാൽ എന്നിവിടങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നു. അതുകൊണ്ട് തന്നെ ചികിത്സ ഫലിക്കാതെ സുബ്ബലക്ഷ്മി മരണത്തിന് കീഴടങ്ങുകയായിരുന്നു.















