ചെന്നൈ: ഇന്ത്യയിലേക്ക് മടങ്ങി വരാൻ അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് മോട്ടോഴ്സ് തയ്യാറെടുക്കുന്നു. ചെന്നൈയിലെ പ്ലാൻ്റാണ് കയറ്റുമതിക്കായി പ്രവർത്തന സജ്ജമാക്കുന്നത്. ഇതിനുള്ള നടപടികൾ ഫോർഡ് ആരംഭിച്ചു.
ചൈനയും അമേരിക്കയും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യയുടേത്. ഏഷ്യൻ വാഹന നിർമാതാക്കളുമായുള്ള മത്സരത്തിൽ അടിതെറ്റിയതോടെയാണ് 2022ൽ ഫോർഡ് ഇന്ത്യ വിട്ടത്. ആദ്യം ആഭ്യന്തര വിൽപ്പനയ്ക്കായുള്ള കാറുകളുടെ നിർമാണമാണ് അവസാനിപ്പിച്ചത്, 2022-ൽ കയറ്റുമതിയും നിർത്തലാക്കി.
1995 മുതൽ 2021 വരെയാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തിച്ചത്. ഇക്കാലയളവിൽ ഇക്കോ സ്പോർട്, ഫിഗോ അടക്കമുള്ള നിരവധി മോഡലുകൾ കമ്പനി പുറത്തിറക്കിയിരുന്നു. തമിഴ്നാട്ടിലും ഗുജറാത്തിലുമാണ് ഫോർഡ് നിർമാണ പ്ലാൻറുകൾ മുമ്പ് പ്രവർത്തിച്ചത്.
ചെന്നൈയിലെ മധ്യമലയിൽ ഏകദേശം 350 ഏക്കർ സ്ഥലത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ ഫാക്ടറി 750 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് വാങ്ങുകയും ചെയ്തു.
ഇന്ത്യയിൽ നിർമിക്കുന്ന കാറുകൾ 32 രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്തിരുന്നത് . ഈ പ്ലാൻറുകൾക്ക് പ്രതിവർഷം 4 ലക്ഷം കാറുകൾ ഉത്പാദിപ്പിക്കാൻ സാധിക്കുമായിരുന്നെങ്കിലും ആവശ്യക്കാരില്ലാത്തതിനാൽ ഉൽപ്പാദനം 80,000 ൽ ഒതുങ്ങി.
14,000 കോടിയുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് ഫോർഡ് ഇന്ത്യ വിടാൻ തീരുമാനിച്ചത്.