ഇടുക്കി: മൂന്നാർ ചൊക്രമുടിയിൽ അനധികൃത നിർമാണങ്ങൾ നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. ജില്ലാ കളക്ടർക്കാണ് നിർദേശം. ഉത്തരവ് നടപ്പാക്കാൻ ആവശ്യമായ സഹായം ജില്ലാ പൊലീസ് മേധാവി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ പാടില്ലാത്ത ചൊക്രമുടിയിലെ റെഡ് സോൺ ഏരിയയിലായിരുന്നു കയ്യേറ്റം നടന്നത്.
ഭൂമി കയ്യേറ്റം ശരിവെച്ച് പ്രത്യേക സംഘവും റിപ്പോർട്ട് നൽകിയിട്ടുണ്ട്. റവന്യൂ ഭൂമിയിലാണ് കയ്യേറ്റം നടന്നിരിക്കുന്നത്. കയ്യേറ്റത്തിന് സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഭൂമി കയ്യേറി അനധികൃത പ്രവർത്തനം നടത്തിയവർക്കെതിരെയും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് ഐജി സേതുരാമൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ചൊക്രമുടിയിൽ ആസൂത്രിത ഭൂമികൊള്ളയാണ് നടന്നതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഐജിയുടെ നേതൃത്വത്തിൽ മൂന്നാർ സ്പെഷ്യൽ ടീമായിരുന്നു അന്വേഷണം നടത്തിയത്. സർക്കാർ പുറമ്പോക്ക് ഭൂമിയുടെ 25 ഏക്കറോളം കയ്യേറിയെന്നാണ് കണ്ടെത്തൽ. ഇതിനായി റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥർ സഹായം ചെയ്തിരുന്നു.















