മസ്കറ്റ്: താമസിക്കാർ വാടക കരാറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അധികൃതർ. വാടക കരാർ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കെട്ടിട ഉടമ വാടകയിൽ കൃത്രിമം കാണിച്ചാൽ നിയമപരമായ നടപടികൾക്ക് ഈ രജിസ്ട്രേഷൻ സഹായകരമാകും. കബളിപ്പിക്കപ്പെടുന്ന കരാറുകൾ തടയുന്നതും കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കുന്നതും കരാറിന്റെ ലക്ഷ്യമാണ്. കരാറുകൾ രജിസ്റ്റർ ചെയ്യാത്തവർ വൈദ്യുതിയും വെള്ളവും പോലുള്ള ആവശ്യങ്ങളിൽ സർക്കാർ സബ്സിഡിക്ക് അർഹരായിരിക്കില്ല.
കെട്ടിട ഉടമകൾക്കും താമസക്കാർക്കും വാടക കരാറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇ-സർവിസ് പോർട്ടൽ വഴിയോ ബലദിയ ആപ് വഴിയോ ഓരോരുത്തരുടെയും കരാറുകൾ പുതുക്കുകയോ രജിസ്ട്രേഷൻ പൂർത്തീകരിക്കുകയോ ചെയ്യാവുന്നതാണ്.
കെട്ടിട ഉടമകളുടെയും താമസക്കാരന്റെയും അവകാശങ്ങൾ സംരക്ഷിക്കുക മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.