ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ച സൊരാവർ ലൈറ്റ് ടാങ്കുകളുടെ ഫീൽഡ് ഫയറിംഗ് പരീക്ഷണങ്ങളുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി. മരുഭൂമിയിൽ വച്ച് നടത്തിയ ഫീൽഡ് ട്രയലിൽ സൊരാവർ മികച്ച പ്രകടനമാണ് നടത്തിയതെന്നും, നൽകിയ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതായും ഡിആർഡിഒ അറിയിച്ചു. യുദ്ധടാങ്കിന്റെ ഫയറിംഗ് പെർഫോമൻസ് വിലയിരുത്തിയതായും, ലക്ഷ്യങ്ങൾ കൃത്യമായി നേടിയതായും അധികൃതർ വ്യക്തമാക്കി.
സ്വകാര്യ സ്ഥാപനമായ ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡുമായി സഹകരിച്ചാണ് ഡിആർഡിഒ, തദ്ദേശീയമായി ഈ യുദ്ധടാങ്കുകൾ വികസിപ്പിച്ചത്. രാജ്യത്തിനകത്ത് തദ്ദേശീയ പ്രതിരോധ നിർമ്മാണ മേഖലയ്‌ക്ക് കരുത്ത് പകരുന്നതാണ് സൊരാവറിന്റെ പ്രവർത്തനമികവ്. സൊരാവറിന്റെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ഡിആർഡിഒ, ഇന്ത്യൻ ആർമി, സൊരാവറിന്റെ നിർമ്മാണത്തിലെ പങ്കാളികൾ എന്നിവരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദനങ്ങൾ അറിയിച്ചു. പ്രതിരോധ നിർമ്മാണ രംഗത്തും, സാങ്കേതികവിദ്യകളിലുമെല്ലാം സ്വാശ്രയത്വം നേടുക എന്ന സുപ്രധാന നാഴികക്കല്ല് ഇതുവഴി പൂർത്തിയാക്കാൻ സാധിച്ചതായി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഡിആർഡിഒ ചെയർമാൻ ഡോ സമീർ വി കാമത്തും പദ്ധതിയിൽ പങ്കാളികളായ എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ചു.
ലഡാക്കിന്റെ ഉയർന്ന അതിർത്തി പ്രദേശങ്ങളിലായിരിക്കും സൊരാവർ യുദ്ധ ടാങ്കിനെ വിന്യസിക്കുന്നത്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ഇവയ്‌ക്ക് 25 ടൺ ആണ് ഭാരം. മൂന്ന് പേർക്ക് പ്രവർത്തിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപ്പന. പർവതത്തിന്റെ താഴ്‌വരകളിലൂടെയും ദുർഘടമായ പാതകളിലൂടെയും അതിവേഗത്തിൽ സഞ്ചരിക്കാൻ സൊരാവറിന് കഴിയും. ടാങ്ക് വേധ മിസൈലുകളിൽ നിന്ന് സംരക്ഷണം നൽകുന്ന പ്രത്യേക കവചം ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. 19ാം നൂറ്റാണ്ടിൽ ലഡാക്കിൽ സൈനിക ഓപ്പറേഷനുകൾ നടത്തിയ ദോഗ്ര ജനറൽ സൊരാവർ സിംഗിനോടുള്ള ബഹുമാന സൂചകമായാണ് യുദ്ധടാങ്കിന് ഈ പേര് നൽകിയത്. 2027ഓടെ ഇവയെ പൂർണതോതിൽ സൈന്യത്തിൽ വിന്യസിക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്.