കൊച്ചി: കൊച്ചി സ്വദേശിയിൽ നിന്നും സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞു വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ പണം തട്ടിയ കേസിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ബിഹാർ സ്വദേശി പ്രിൻസ് പ്രകാശാണ് പിടിയിലായത്. ഇയാളെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്ത് ഇന്നലെ കൊച്ചിയിലെത്തിച്ചു.
ഫെബ്രുവരിയിലാണു കൊച്ചി സ്വദേശിയിൽ നിന്ന് 29 ലക്ഷം രൂപ സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞു തട്ടിയെടുത്തത്. ഈ കേസിൽ നേരത്തേ 4 പേർ അറസ്റ്റിലായിരുന്നു. ഈ കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രിൻസിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും സെൻട്രൽ പൊലീസ് അറിയിച്ചു.