ശ്രീനഗർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പൊതുറാലിയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി ജമ്മുകശ്മീരിലെ ദോഡ സന്ദർശിക്കും. കഴിഞ്ഞ 42 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ദോഡ സന്ദർശിക്കുന്നതെന്ന് കേന്ദ്ര കൽക്കരി, ഖനി മന്ത്രിയും ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് ചുമതലയും വഹിക്കുന്ന ജി കിഷൻ റെഡ്ഡി പറഞ്ഞു.
” പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദോഡ സന്ദർശിച്ച് തെരഞ്ഞെടുപ്പ് യോഗം നടത്തും. 42 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ദോഡ സന്ദർശിക്കുന്നത്. അതിനാൽ ഇതൊരു സുപ്രധാന സംഭവമായി കണക്കാക്കുന്നു. 1982ന് ശേഷം ഒരു പ്രധാനമന്ത്രി നടത്തുന്ന ആദ്യ ദോഡ സന്ദർശനമാണിത്.”- കിഷൻ റെഡ്ഡി പറഞ്ഞു.
ദോഡ സ്‌പോർട്‌സ് സ്‌റ്റേഡിയത്തിലായിരിക്കും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുക. ഓഗസ്റ്റ് 31 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള മോദിയുടെ ആദ്യ റാലി കൂടിയാണിത്. സെപ്തംബർ 19 ന് മോദി ശ്രീനഗറും സന്ദർശിക്കും.
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് സെപ്തംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കും. ദോഡ, കിഷ്ത്വാർ, റംബാൻ എന്നീ മൂന്ന് ജില്ലകളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ സെപ്തംബർ 18 ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കും.















