കൊൽക്കത്ത: ഗുണ്ടാരാജ് എന്നത് ബംഗാളിലെ രാഷ്‌ട്രീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയെന്ന് ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. ക്രമസമാധാന പാലനത്തിൽ സംസ്ഥാനത്ത് ഗുരുതര വീഴ്ച സംഭവിച്ചു. ബംഗാളിൽ ഒരു വശത്ത് മുഖ്യമന്ത്രിയും മറുവശത്ത് ജനങ്ങളും എന്ന തരത്തിൽ ധ്രുവീകരണം നടന്നതായും സിവി ആനന്ദ ബോസ് പറഞ്ഞു. ജനം ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” അതി ദാരുണമായ സംഭവമാണ് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നത്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഈ ദാരുണ സംഭവം. ഇതിന് പുറമെ നിരവധി ആക്രമണങ്ങൾ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. വനിതകൾ മുഖ്യമന്ത്രിയാകുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. എന്നാൽ പുരാണങ്ങളിലെ താടകയെയും, മന്ഥരയേയും ഓർമ്മപ്പെടുത്തുന്ന ഭരണമാണ് മമത ബംഗാളിൽ നടത്തുന്നത്.”- സിവി ആനന്ദ ബോസ് പറഞ്ഞു.
ബംഗാളിൽ ധ്രുവീകരണം നടന്നിരിക്കുകയാണ്. ജനപക്ഷത്ത് നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിയും അക്രമവും നടത്തുന്ന മുഖ്യമന്ത്രിയുമായി വേദി പങ്കിടില്ലെന്ന് പറഞ്ഞതിന് പിന്നിലും ഇത് തന്നെയാണ് കാരണമെന്നും ആനന്ദ ബോസ് പറഞ്ഞു. അപരാജിത 2024 രാഷ്‌ട്രപതിക്ക് വിടാനുണ്ടായ സാഹചര്യവും ആനന്ദ ബോസ് വ്യക്തമാക്കി. കേന്ദ്ര നിയമങ്ങൾക്ക് അനുസൃതമായാണ് സംസ്ഥാനങ്ങളിൽ നിയമങ്ങൾ പാസാക്കുന്നത്. എന്നാൽ ബംഗാളിൽ ഇതിൽ നിന്നെല്ലാം വിപരീതമായാണ് ചെയ്യുന്നത്.
അപരാജിത 2024 എന്ന പേരിൽ നിയമങ്ങൾ പാസാക്കിയെങ്കിലും പേരിലെ പുതുമ ഉള്ളടക്കത്തിലില്ല. മഹാരാഷ്‌ട്ര, ആന്ധ്രാ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ പാസാക്കിയ നിയമങ്ങളിലെ ഉള്ളടക്കങ്ങൾ കട്ടെടുത്ത പോലെയായിരുന്നു. സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന ബിൽ കേന്ദ്ര നിയമങ്ങൾക്ക് എതിരല്ലെന്ന് തീരുമാനിക്കേണ്ടത് രാഷ്‌ട്രപതിയാണ്. അതിനാലാണ് ബിൽ രാഷ്‌ട്രപതിക്കയച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്നും ഇന്നും ബംഗാളിനോട് തുറന്ന മനസാണ് തനിക്കുള്ളതെന്നും എന്നാൽ മമത ബാനർജിയുടെ ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങളാണ് ബംഗാളിൽ ക്രമ സമാധാനം തകർക്കുന്നതെന്നും ആനന്ദ ബോസ് വ്യക്തമാക്കി.
അക്രമ രാഷ്‌ട്രീയമാണ് ബംഗാളിൽ നടക്കുന്നത്. രക്തം കൊണ്ടല്ല ഹോളി കളിക്കേണ്ടത്. അക്രമ രാഷ്‌ട്രീയത്തിന്റെ പൂർണ ഉത്തരവാദിത്വം മമത ബാനർജിക്കാണെന്ന് ഉറപ്പുള്ളതിനാലാണ് ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നത്. അക്രമവും അഴിമതിയും ഒഴിവാക്കി സുതാര്യമായ തെരഞ്ഞെടുപ്പാണ് ബംഗാളിനാവശ്യമെന്നും ആനന്ദ ബോസ് വ്യക്തമാക്കി.















