തിരുവനന്തപുരം: ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തെ പിന്തള്ളിക്കൊണ്ട് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം അതിവേഗം മുന്നേറുന്നു. 2024 സെപ്‍റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം കൊളംബോയിലെ ട്രാൻസ്ഷിപ്പ്മെന്റ് അളവ് കുത്തനെ താഴ്ന്നു.
മിഡിൽ ഈസ്റ്റിൽ നിന്നും ഏഷ്യയിലേക്കുള്ള ചരക്ക് നീക്കത്തിന് മുൻപ്ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് കൊളംബോയെ ആയിരുന്നു. കൊളംബോ ട്രാൻസ്‌ഷിപ്‌മെന്റ് തുറമുഖത്താണ് ഇന്ത്യയിലേക്കുള്ള ചരക്കിന്റെ 70 –-80 ശതമാനവും ഇറക്കുന്നത്. അവിടെനിന്ന് ചെറുകപ്പലുകളിൽ മറ്റ് തുറമുഖങ്ങളിലേക്ക് എത്തിക്കുകയാണ് പതിവ്. കൊളംബോ തുറമുഖത്ത് നിലവിലെ സാഹചര്യത്തിൽ കപ്പലുകൾക്ക് അടുക്കാൻ മൂന്നുദിവസംവരെ കാത്തിരിക്കണം. ട്രാൻസ്‌ഷിപ്‌മെന്റിന് ഇരുപത് ദിവസം കെട്ടിക്കിടക്കണം. എന്നാൽ ഇന്ന് കഥ മാറി. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കടന്നു പോകുന്ന ഏത് കൂറ്റൻ കപ്പലിൽ നങ്കൂരമിടാൻ തക്ക രീതിയിലാണ് വിഴിഞ്ഞത്തിന്റെ ഘടന ഒപ്പം വേഗത്തിലുള്ള ട്രാൻസ്‌ഷിപ്‌മെന്റെും. ഈ ഘടകങ്ങളാണ് ആഗോള ഷിപ്പിംഗ് കമ്പനികൾക്ക് വിഴിഞ്ഞം പ്രിയപ്പെട്ടതാക്കാൻ കാരണം.
കഴിഞ്ഞ ദിവസം ലോകത്തെ നാലാമത്തെ വലിയ കണ്ടെയ്‌നർ കപ്പൽ എം.എസ്.സി ക്ലോഡ് ഗിരാർദെ വിഴിഞ്ഞം ബെർത്തിൽ അടുത്തിരുന്നു., ദക്ഷിണേഷ്യയിൽ തന്നെ ബെർത്ത് ചെയ്യുന്ന ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലാണിത്. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ മദർ പോർട്ടാണ് വിഴിഞ്ഞം.
ഒന്നാം ഘട്ടത്തിൽ ഒരു ലക്ഷം കണ്ടെയ്നർ വിനിമയമാണ് ലക്ഷ്യം. മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുമായി ദീർഘകാല കരാർ കൂടി ഏറ്റെടുത്തോടെ വിഴിഞ്ഞം തുറമുഖം കൊളംബോ തുറമുഖത്തിന് പ്രഹരം ഏൽപ്പിച്ചു തുടങ്ങി. മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പൽ അധികം വൈകാതെ വിഴിഞ്ഞത്ത് എത്തുമെന്നാണ് റിപ്പോർട്ട്.















