ചെന്നൈ: ഇന്ത്യൻ റെയിൽവെ രൂപകൽപ്പന ചെയ്ത വന്ദേ മെട്രോയുടെ ഉദ്ഘാടനം ഈ മാസം 16ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഗുജറാത്തിലെ ഭുജ്-അഹമ്മദാബാദ് പാതയിലാണ് ആദ്യ സർവ്വീസ്.
നഗര യാത്രയ്‌ക്കായി വിഭാവനം ചെയ്ത വന്ദേ മെട്രോയ്‌ക്ക് ആദ്യ ഘട്ടത്തിൽ മണിക്കൂറിൽ 110 കിലോമീറ്ററാണ് വേഗത .മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്. സീസൺ ടിക്കറ്റ് സൗകര്യമാണ് ഇതിന്റെ എറ്റവും വലിയ സവിശേഷ. 20 ദിവസത്തെ സിഗിംൾ യാത്രയുടെ നിരക്കിൽ ഒരുമാസം പോയി വരാനുള്ള സീസൺ ടിക്കറ്റ് ലഭ്യമാകും. റിസർവ്ഡ് കോച്ചുകൾക്ക് പുറമേ അൺ റിസർവ്ഡ് കോച്ചുകളും വന്ദേ മെട്രോയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിൻ സർവ്വീസ് നടത്തും.

ചെന്നൈ ഇൻഗ്രൽ കോച്ച് ഫാക്ടറിയാണ് വന്ദേ മെട്രോ നിർമിച്ചത്. ട്രെയിനിൽ 1150 പേർക്ക് ഇരിക്കാനും 2050 പേർക്ക് നിൽക്കാനുള്ള സൗകര്യവുമുണ്ട്. ഓട്ടോമാറ്റിക് ഡോറുകൾ, സിസിടിവി ക്യാമറകൾ, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം, മൊബൈൽ ചാർജിംഗ് പോർട്ടുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. സാധാരണ മെട്രോ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ബയോ-വാക്വം ടോയ്‌ലറ്റുകളുമായാണ് വന്ദേ മെട്രോ വരുന്നത്. ഇപ്പോള്‍ നിലവിലുള്ള സബർബെൻ മെട്രോകളുടെ പരിഷ്‌കൃത രൂപമാണ് വന്ദേ മെട്രോ. കുറഞ്ഞ ചെലവില്‍ സൗകര്യപ്രദമായ പകല്‍യാത്രയാണ് ഇതിന്റെ സവിശേഷത.
വരുന്ന വർഷങ്ങളിൽ വന്ദേ മെട്രോകൾ കൂടുതൽ നഗരങ്ങളിൽ വ്യാപിപ്പിക്കാനാണ് റെയിൽവെ മന്ത്രാലത്തിന്റെ ശ്രമം. കൂടുതൽ ട്രെയിനുകളുടെ നിർമാണം പൂർത്തിയാകുന്നതോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വന്ദേ മെട്രോ എത്തും.
കോഴിക്കോട്-എറണാകുളം, എറണാകുളം-കോയമ്പത്തൂർ മംഗളൂരു-കോഴിക്കോട്, മധുര-ഗുരുവായൂർ( പാലക്കാട് വഴി), എറണാകുളം -തിരുവനന്തപുരം, കൊല്ലം-തിരുനെൽവേലി റൂട്ടുകളില്‍ വന്ദേ മെട്രോ സർവീസുകൾക്ക് സാധ്യതയുണ്ട്.















