ദോഡ; ഇന്ത്യയുടെ ഭരണഘടന പോക്കറ്റിലാക്കി നടന്നവർ 75 വർഷമായി കശ്മീരിലെ ജനങ്ങൾക്ക് വോട്ട് ചെയ്യാനുളള അവകാശം പോലും കവർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദോഡയിൽ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. ഇന്ത്യയുടെ ഭരണഘടന എല്ലാവർക്കും വോട്ട് ചെയ്യാനുളള അവകാശം നൽകുന്നുണ്ട്. എന്നാൽ ഇത്തവണ ആദ്യമായി വോട്ട് ചെയ്യുന്ന നിരവധി സുഹൃത്തുക്കൾ കശ്മീരിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വാക്കുകൾ.
ഭരണഘടനാപരമായ അവകാശം പോലും കശ്മീരികൾക്ക് അട്ടിമറിക്കപ്പെട്ടു. ഭരണത്തിലിരുന്നവരുടെ ദുഷ്പ്രവണതകൾ മറച്ചുവയ്ക്കാനുളള കപടതയായിരുന്നു അത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുളളവർക്ക് ലഭിച്ചിരുന്ന അവകാശം കശ്മീരിലെ ജനങ്ങൾക്ക്് എന്തുകൊണ്ട് നൽകിയില്ലെന്നും പ്രധാനമന്ത്രി ചോദിച്ചു. ബാബാ സാഹേബ് അംബേദ്ക്കർ വിഭാവനം ചെയ്ത ഭരണഘടനയുടെ ആത്മാവ് പോലും ഈ ആളുകൾ തകർത്തു. കശ്മീരിൽ രണ്ട് ഭരണഘടന നടപ്പിലാക്കുന്നതിന് പിന്നിൽ മറ്റെന്താണ് കാരണമെന്നും മോദി ചോദിച്ചു.
ഇപ്പോൾ കശ്മീരിലെ കുട്ടികൾക്ക് പോലും യാഥാർത്ഥ്യം അറിയാം. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെയും ഒബിസി വിഭാഗങ്ങളുടെയും സംവരണം പോലും കശ്മീരിൽ അട്ടിമറിക്കപ്പെട്ടു. മതവും മേഖലയും കണക്കിലെടുക്കാതെ കശ്മീരിലെ എല്ലാ പൗരൻമാർക്കും ബിജെപി സർക്കാർ മുൻഗണന നൽകുന്നുണ്ട്. ബിജെപിക്ക് മാത്രമാണ് കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാനാകുക. ഇതിനുളള നടപടികൾ ബിജെപിയാണ് സ്വീകരിച്ചത്. പക്ഷെ ചില ആളുകൾ അവരുടെ സ്വാർത്ഥ താൽപര്യത്തിനായി നിങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കുകയായിരുന്നു. അത്തരം ആളുകളെക്കുറിച്ച് ജാഗ്രത കാണിക്കണമെന്നും മോദി പറഞ്ഞു.
10 വർഷമായി എൻഡിഎ സർക്കാർ നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് കശ്മീരിലെ ഈ മാറ്റമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ ദൃഢനിശ്ചയവും നിങ്ങളുടെ പിന്തുണയുമാണ് കശ്മീരിനെ സമാധാനത്തിലേക്കും സുരക്ഷയിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കുക.
കശ്മീരിലെ തെരഞ്ഞെടുപ്പ് ഇത്തവണ മൂന്ന് കുടുംബങ്ങളും അവിടുത്തെ യുവാക്കളും തമ്മിലുളള പോരാട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസും നാഷണൽ കോൺഫറൻസും പിഡിപിയുമാണ് മൂന്ന് കുടുംബങ്ങൾ. ഇവിടുത്തെ യുവാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന് കുടുംബവാഴ്ച തടസമായിരുന്നു. എന്നാൽ 2014 മുതൽ ഈ സ്ഥിതിക്ക് മാറ്റം വരുത്തി കശ്മീരിലെ യുവാക്കളുടെ പുതിയ നേതൃത്വത്തെ മുന്നിലേക്ക് കൊണ്ടുവരാനാണ് തന്റെ സർക്കാർ ശ്രമിച്ചതെന്നും മോദി പറഞ്ഞു.
20 ലധികം സീറ്റുകൾ കോൺഗ്രസിന് ലഭിച്ചാൽ മോദി ഉൾപ്പെടെയുളള ബിജെപി നേതാക്കളെ ജയിലിൽ അയയ്ക്കുമെന്ന മല്ലികാർജ്ജുൻ ഖാർഗെയുടെ പ്രസ്താവനയെയും പ്രധാനമന്ത്രി വിമർശിച്ചു. കോൺഗ്രസിന്റെ അജണ്ട ഇതിലൂടെ വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.