കൊല്ലം: പൊന്നോണനാളിൽ കൊല്ലം കൊട്ടിയം സ്വദേശി ഗിരിജയ്‌ക്കും കുടുംബത്തിനും സേവഭാരതിയുടെ തണലിൽ വീട് ഒരുങ്ങി. ശുചിമുറിപോലുമില്ലാതെ ടാർപോളിൻ കെട്ടിയ കൂരയിൽ അമ്മയുടെയും രണ്ട് മക്കളുടെയും ദുരിത ജീവിതം മനസിലാക്കി സേവാഭാരതി ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
വീടിന്‍റെ താക്കോൽദാനം ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യർ നിർവഹിച്ചു. സേവാഭാരതി മൈയ്യനാട്- ആദിച്ചനല്ലൂർ സമിതികളുടെ നേതൃത്വത്തിലാണ് വീട് നിർമിച്ചത്. 6 ലക്ഷം രൂപ ചെലവഴിച്ചാണ് 555 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീട് പൂർത്തിയാക്കിയത്.
ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ താമസിച്ചതെന്ന് ഗിരിജ പറഞ്ഞു. ” ഇപ്പോൾ എന്തുകൊണ്ട് നോക്കിയാലും സന്തോഷമുണ്ട്. മോന്റെ കാര്യത്തിൽ അത്ര വേവലാതി ഇല്ലായിരുന്നു, അവൻ ആൺകുട്ടിയാണ്. മോളെയും കൊണ്ട് ഒരുപാട് പേടിച്ചാണ് കൂരയിൽ കിടന്നത്. ആളുകൾ കേറുമോ എന്നായിരുന്നു ഭയം. ഉറക്കമില്ലായ്മയാണ് കണ്ണ് നഷ്ടപ്പെടാൻ ഇടയാക്കിയത്, സേവാഭാരതി മാത്രമാണ് തനിക്ക് സഹായത്തിന് എത്തിയതെന്നും ഗിരിജ കൂപ്പുകൈയോടെ പറഞ്ഞു.