ഹൈദരാബാദ്: അന്തർവാഹിനികളിൽ നിന്നും ക്രൂ അംഗങ്ങൾക്ക് രക്ഷപ്പെടാൻ അത്യാധുനിക പരിശീലനകേന്ദ്രം കമ്മീഷൻ ചെയ്ത് നാവികസേന. വിശാഖപട്ടണത്തെ INS ശതവാഹിനിയിലാണ് കമ്മീഷനിങ് ചടങ്ങുകൾ നടന്നത്. കൽവരി-ക്ലാസ് അന്തർവാഹിനികളിൽ നിന്ന് ക്രൂ അംഗങ്ങൾക്ക് രക്ഷപ്പെടാനുള്ള കഴിവ് വർധിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ഈ സൗകര്യം ഈസ്റ്റേൺ നേവൽ കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ രാജേഷ് പെൻഡാർക്കർ ഉദ്ഘാടനം ചെയ്തു.
ആത്മനിർഭർ ഭാരതമെന്ന ആശയത്തിന്റെ ഭാഗമായി പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്ത പരിശീലന സൗകര്യമാണ് വിനേത്ര. ഡൈവിംഗ് ബേസിനുമായി സംയോജിപ്പിച്ച അഞ്ച് മീറ്റർ എസ്‌കേപ്പ് ടവർ ആണ് പ്രധാന സവിശേഷത. പ്രത്യേക പരിശീലനം നൽകുന്നതിലൂടെ അടിയന്തര സാഹചര്യങ്ങളിൽ കടലിനടിയിൽ നിന്നുള്ള അന്തർവാഹിനികളിൽ നിന്നും രക്ഷപെടാൻ സേനാംഗങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.















