ചുമതലയേറ്റെടുത്ത നാൾ മുതൽ കസേരയിലിരുന്ന് കടമകൾ നിറവേറ്റുന്ന ഐഎഎസുകാർ അനവധിയുണ്ടെങ്കിലും ഉത്തരവാദിത്വങ്ങൾക്കിടയിൽ കലയ്‌ക്കും സാഹിത്യത്തിനുമെല്ലാം തുല്യപ്രധാന്യം നൽകി ജനങ്ങളെ വിസ്മയിപ്പിച്ചയാളാണ് ഡോ. ദിവ്യ എസ് അയ്യർ. ആലാപനത്തിലൂടെയും എഴുത്തിലൂടെയും നൃത്തത്തിലൂടെയുമൊക്കെ കാഴ്ചക്കാരെ കയ്യിലെടുത്ത ഐഎഎസുകാരിയും പത്തനംതിട്ട മുൻ കളക്ടറുമായ ഡോ. ദിവ്യയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുണ്ട്. ഇത്തവണ ഓഫീസിൽ ഓണം ആഘോഷിച്ച ഡോ. ദിവ്യ എസ് അയ്യർ, റിഹേഴ്സലില്ലാതെ ഇൻസ്റ്റന്റ് തിരുവാതിര കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഡോ. ദിവ്യ എസ് അയ്യർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നതും.
“ഓണത്തിനു ഇൻസ്റ്റന്റ് പായസം എന്ന പോലെ ഓഫീസിൽ അരങ്ങേറിയ ഒരു ഇൻസ്റ്റന്റ് തിരുവാതിരക്കളി.. സുന്ദരിമാരായ സഹപ്രവർത്തകർ കൈകൊട്ടിക്കളിക്കുന്നത് കണ്ടുനിന്നപ്പോൾ, ഒന്നൂടി കളിച്ചാൽ ഒപ്പം കൂടാമെന്ന് ഞാനും, റിഹേഴ്സലിനു പോയില്ലെങ്കിലും ഒപ്പം കൂട്ടാമെന്നു അവരും” – എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോക്ക് താഴെ മുൻ കളക്ടറെ പ്രകീർത്തിച്ച് നിരവധി കമന്റുകളും എത്തി. മേലുദ്യോഗസ്ഥയുടെ കിരീടം ഇറക്കി വച്ചൊരു തിരുവാതിരക്കളി.. അധികാരം ചിരിച്ചുനിന്ന മുഹൂർത്തം എന്നായിരുന്നു ഒരാളുടെ പ്രതികരണം. അധികാര ഗർവില്ലാത്ത സൗമ്യമായ ഇടപെടൽ, നാട്യങ്ങളില്ലാത്തയാൾ, എന്നിങ്ങനെ മുൻ കളക്ടറെ പ്രശംസിച്ച് നിരവധി പേർ കമന്റ് ചെയ്യാനെത്തി.
View this post on Instagram
സ്ഥാനമാനങ്ങളുടെയും അംഗീകാരങ്ങളുടെയും ഗർവുകളില്ലാതെയുള്ള ഇടപെടലും പെരുമാറ്റവുമായിരുന്നു കളക്ടറായി ചുമതലയേറ്റ കാലം മുതൽ ഡോ. ദിവ്യ എസ് അയ്യരെ ജനപ്രിയയാക്കിയത്. നേരത്തെയും നിരവധി സന്ദർഭങ്ങളിൽ പൊതുമദ്ധ്യത്തിൽ ‘ഇൻസ്റ്റന്റായി’ നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്യുന്ന ദിവ്യയുടെ വീഡിയോകളും ഏറെ ശ്രദ്ധനേടിയിരുന്നു. KSWMPയുടെ പ്രോജക്ട് ഡയറക്ടറും വിഴിഞ്ഞം പോർട്ട് എംഡിയുമാണ് നിലവിൽ ഡോ. ദിവ്യ എസ് അയ്യർ. എഴുത്തുകാരിയെന്ന നിലയിലും പ്രാസംഗികയെന്ന നിലയിലും ഏറെ സജീവമാണ്.















