കുരുക്ഷേത്ര: കോൺഗ്രസിന് അവസരം കൊടുത്ത സംസ്ഥാനങ്ങൾ ഇന്ന് ദു:ഖിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ കുരുക്ഷേത്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഹരിയാനയിൽ ബിജെപി സർക്കാർ മൂന്നാമതും വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കർണാടകയിലെയും ഹിമാചൽ പ്രദേശിലെയും തെലങ്കാനയിലെയും കോൺഗ്രസ് സർക്കാരുകളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ വിമർശനം. ഈ സംസ്ഥാനങ്ങളിൽ പണപ്പെരുപ്പവും അഴിമതിയും മൂലം ജനങ്ങൾ വലയുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാൻ കോൺഗ്രസിനായിട്ടില്ല. കോൺഗ്രസിനോളം വിശ്വാസയോഗ്യമല്ലാത്ത ചതിയൻമാരായ മറ്റൊരു പാർട്ടിയും രാജ്യത്തില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഹരിയാനയുടെ അയൽ സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. രണ്ട് വർഷം മുൻപ് അവിടെ കോൺഗ്രസ് സർക്കാർ രൂപീകരിച്ചു. എന്നിട്ട് ഇന്നത്തെ സ്ഥിതിയെന്താണെന്ന് പ്രധാനമന്ത്രി ചോദിച്ചു. അവിടുത്തെ ഒരാൾ പോലും സന്തുഷ്ടരല്ല. ഇന്ന് അവിടുത്തെ സർക്കാർ ഉദ്യോഗസ്ഥരെല്ലാം ശമ്പളത്തിനായി സമരത്തിലേക്ക് ഇറങ്ങേണ്ട സ്ഥിതിയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 1500 രൂപ വീതം സ്ത്രീകൾക്ക് കൊടുക്കുമെന്നാണ് കോൺഗ്രസ് പറഞ്ഞത്. ആ സഹായത്തിനായി ആളുകൾ കാത്തിരിക്കുകയാണ്. വൈദ്യുതിക്കും വെളളത്തിനും പെട്രോളിനും ഡീസലിനും പാലിനും വരെ കോൺഗ്രസ് സർക്കാർ വിലക്കൂട്ടി.
കർണാടകയിലും തെലങ്കാനയിലുമുൾപ്പെടെ വികസന പ്രവർത്തനങ്ങൾ പോലും താളം തെറ്റിയിരിക്കുകയാണ്. കോൺഗ്രസ് ഭരണത്തിലേറിയതിന് പിന്നാലെ നിക്ഷേപവും തൊഴിലവസരങ്ങളും അവിടെ കുറഞ്ഞതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നല്ല രീതിയിലുളള സംസ്ഥാനങ്ങളെ എങ്ങനെ നാമാവശേഷമാക്കാം എന്നാണ് കോൺഗ്രസ് കാണിച്ചുതരുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു.















