ആഗ്ര: നഗരത്തിൽ കഴിഞ്ഞ എട്ട് പതിറ്റാണ്ടിനിടെ പെയ്ത ശക്തമായ മഴയിൽ ചരിത്ര സ്മാരകമായ താജ്മഹലിന് കേടുപാടുകൾ. 48 മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിന് ചോർച്ച സംഭവിച്ചതായി കണ്ടെത്തി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ കൂടുതൽ നിരീക്ഷണത്തിനായി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
സ്മാരകത്തിന് ചുറ്റുമുള്ള പൂന്തോട്ടം വെള്ളം കയറി മുങ്ങിയ നിലയിലാണ്. ഇവിടെ നിന്നും മുഗൾ ഭരണാധികാരി ഷാജഹാന്റെ ശവകുടീരത്തിലേക്കും വെള്ളം കയറിയിട്ടുണ്ട്. വെള്ളത്തിനടിയിലായ പൂന്തോട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എവിടെ നിന്നാണ് ചോർച്ച സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് സൂപ്രണ്ടിങ് ആര്ക്കിയോളജിസ്റ്റ് രാജ്‌കുമാർപട്ടേൽ പറഞ്ഞു. മഴ മാറിക്കഴിഞ്ഞാൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താനാണ് തീരുമാനം.
ആഗ്രയിൽ വ്യാഴാഴ്ച മാത്രം 151 മില്ലീമീറ്റർ മഴയാണ് കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ മറ്റ് ചരിത്ര സമാരകങ്ങളായ ആഗ്ര കോട്ട, ഫത്തേപൂർ സിക്രി, റോമൻ കാത്തോലിക് സെമിത്തേരി തുടങ്ങിയവയ്‌ക്കും മഴയിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.