അഹമ്മദാബാദ്: അജ്ഞാത പനി ബാധിച്ച് ഗുജറാത്തിൽ 15 പേർ മരിച്ചതിന് പിന്നാലെ നിരീക്ഷണം ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗുജറാത്ത് കച്ചിലെ ലഖ്പത്തിലാണ് അജ്ഞാത രോഗം ജീവൻ കവർന്നത്. സെപ്തംബർ 3 മുതലാണ് മരണം റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. രോഗം ബാധിച്ച് മരിച്ചവരുടെ സാമ്പിളുകൾ പൂനെയിൽ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ന്യുമോണിയക്ക് സമാനമായ രോഗലക്ഷണങ്ങളാണ് പനി ബാധിച്ചവർക്ക് ഉണ്ടായിരുന്നത്.
വിമാനത്താവളത്തിലും തുറമുഖങ്ങളിലും പരിശോധന കർശനമാക്കി. ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തിയതായി ആരോഗ്യവിഭാഗം അറിയിച്ചു. മരണസംഖ്യ ഉയർന്നതോടെ കച്ചിലെ രണ്ട് താലൂക്കുകളിലായി ഏഴോളം ഗ്രാമങ്ങളിൽ ഡോക്ടർമാർമാരെയും 50 മെഡിക്കൽ സംഘങ്ങളെയും ഗുജറാത്ത് സർക്കാർ നിയോഗിച്ചു.
പാകിസ്താൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ലഖ്പത്. ക്ഷീര കർഷകരാണ് കൂടുതലായും പനി ബാധിച്ച് മരിച്ചതെന്നാണ് റിപ്പോർട്ട്. മൃഗങ്ങളിൽ നിന്നുള്ള അണുബാധയുടെ സാധ്യതയും പരിശോധിക്കുന്നുണ്ട്.















