തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 84 റൺസിന് എറിഞ്ഞുവീഴ്ത്തി തൃശൂർ ടൈറ്റൻസ്. 85 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂർ 17.5 ാം ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊച്ചിയുടെ മുൻനിര മുതൽ വാലറ്റം വരെ തൃശൂരിന്റെ ബൗളർമാർക്കു മുന്നിൽ വേഗത്തിൽ കീഴടങ്ങുന്നതായിരുന്നു കാഴ്ച. ഓപ്പണർ ആനന്ദ കൃഷ്ണനു മാത്രമാണ് രണ്ടക്കം കടക്കാനായത്. 26 പന്തിൽ 28 റൺസ് സ്വന്തമാക്കിയ ആനന്ദിനെ അക്ഷയ് മനോഹറിന്റെ പന്തിൽ അഹമ്മദ് ഇമ്രാൻ പുറത്താക്കി.
തൃശൂരിന്റെ മുഹമ്മദ് ഇഷാഖിന്റെ പന്തുകൾക്ക് മുന്നിൽ കൊച്ചി അടി പതറുന്ന കാഴ്ചയാണ് കാര്യവട്ടത്ത് കണ്ടത്. നാല് ഓവറിൽ 12 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് ഇഷാഖ് പിഴുതത്. 17 ഓവറിൽ 84 റൺസിന് കൊച്ചിയുടെ ഇന്നിംഗ്സ് അവസാനിച്ചു.
85 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂരിന് ആദ്യ ഓവറിൽ രണ്ടു വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ ബേസിൽ തമ്പി എറിഞ്ഞ ഓവറിലെ നാലാം പന്തിൽ വിഷ്ണു വിനോദിന്റെയും അഞ്ചാം പന്തിൽ അനസ് നസീറിന്റെയും വിക്കറ്റുകളാണ് വീണത്. ഒന്നാം ഓവർ പൂർത്തിയായപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ നാലു റൺസ് എന്ന നിലയിലായി തൃശൂർ.
അഞ്ച് ഓവർ പൂർത്തിയായപ്പോൾ ഇത് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 23 എന്ന നിലയിലെത്തി. 14-ാം ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 61 എന്ന നിലയിലായി തൃശൂർ. തുടർന്ന് വിക്കറ്റുകൾ നഷ്ടമാകാതെ പി.മിഥുൻ ഏദൻ ആപ്പിൾ ടോം സഖ്യം തൃശൂരിനെ വിജയത്തിലെത്തിച്ചു. 31 പന്തിൽ പുറത്താകാതെ പി.കെ മിഥുൻ 23 റൺസ് നേടി.