തൃശൂർ: മലയാളികളുടെ ആഘോഷങ്ങൾ എപ്പോഴും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് ഇവിടെയെത്തുന്ന വിദേശികൾ. നാടും വീടും കലാലയങ്ങളും ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. എന്നാൽ തൃശൂർ സെന്റ് തോമസ് കോളേജിലെ വിദേശ വിദ്യാർത്ഥികളുടെ ഓണാഘോഷമാണ് ഇത്തവണ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
മലയാളികളേക്കാൾ ആവേശത്തിൽ ഓണക്കളികളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്ന വിദേശികളായ വിദ്യാർത്ഥിനികളെ കൗതുകത്തോടെയേ കണ്ടിരിക്കാനാകൂ. ഇവർ കേരളീയ വേഷം ധരിച്ചാണ് കോളേജിലെത്തിയത്. പെൺകുട്ടികളും കസവുസാരിയിൽ അതീവ സുന്ദരികളായെത്തി. ഷർട്ടും കാസവുമുണ്ടുമായിരുന്നു ആൺകുട്ടികളുടെ വേഷം.
വിദേശ വിദ്യാർത്ഥിനികളുടെ കേരളീയ വേഷത്തിൽ നടന്ന റാംപ് വാക്ക് കണ്ടുനിന്നവരുടെ കയ്യടിനേടി. പിന്നാലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വടംവലി. മുണ്ടുമടക്കികുത്തി വടം ആഞ്ഞുവലിക്കുന്ന ആൺകുട്ടികൾ ഒരു നിമിഷത്തേക്ക് തനി മലയാളിയായി മാറുന്ന കാഴ്ചയ്‌ക്കാണ് സെന്റ് തോമസ് കോളേജ് സാക്ഷ്യം വഹിച്ചത്. ആഘോഷങ്ങളുടെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.