തൃശൂർ: SI ട്രെയിനികൾക്ക് ഓണത്തിന് അവധി നിഷേധിച്ച സംഭവത്തിൽ ഡിജിപിയെ ശകാരിച്ച് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും DGP യെ നേരിട്ട് ബന്ധപ്പെട്ടു. കേരള പൊലീസ് അക്കാദമി ഡയറക്ടർ പി വിജയൻ അവധി നൽകിയിട്ടും ഡിജിപി വാക്കാൽ നിഷേധിക്കുകയായിരുന്നു. ജനം ടി വി വാർത്തയെ തുടർന്നാണ് നടപടി.
ഓണദിനത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരടക്കം അവധിയിൽ പോകുമ്പോഴാണ് പരിശീലനത്തിലുള്ള SI ട്രെയിനികൾക്ക് അവധി നിഷേധിച്ചത്. തൃശൂരിലെ കേരള പൊലീസ് അക്കാദമി ഓണാഘോഷത്തിന് ശേഷം ഡയറക്ടർ പി വിജയൻ അവധി നൽകിയെങ്കിലും സംസ്ഥാന പൊലീസ് മേധാവി വാക്കാൽ നിഷേധിക്കുകയായിരുന്നു. ഓണത്തിന് വരുമെന്ന് വീടുകളിലടക്കം വിളിച്ചുപറഞ്ഞ പരിശീലനാർത്ഥികൾ ഇതോടെ മനോവിഷമത്തിലായി. കാത്തിരുന്ന ജോലി കിട്ടിയ ശേഷമുളള ആദ്യ ഓണം വീട്ടുകാർക്കൊപ്പം ആഘോഷിക്കാമെന്ന സന്തോഷത്തിലായിരുന്നു പലരും.
സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ എ എൻ സന്തോഷ് പരാതി നൽകിയിരുന്നുവെങ്കിലും ആദ്യഘട്ടത്തിൽ നടപടി ഉണ്ടായില്ല. പിന്നാലെ പരാതി പുറത്തു വിട്ടുകൊണ്ടുള്ള ജനം ടി വി വാർത്തയെ തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നേരിട്ട് ബന്ധപ്പെട്ട് ഡിജിപിയെ ശകാരിച്ചു. തുടർന്ന് SI ട്രെയിനികൾക്ക് അവധിക്കായുള്ള അനുമതി നൽകുകയായിരുന്നു.
ഓണ ദിവസം കുടുംബത്തോടൊപ്പം ഒരു നേരത്തെ ആഹാരം കഴിക്കുവാൻ അനുവദിക്കാത്തത് പരിശീലനാർത്ഥികളിൽ അക്രമവാസന വളർത്തുന്നതിന് കാരണമാകും എന്നതടക്കം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഡിജിപി മനഃപൂർവമായ അവധി നൽകാതിരുന്നത് പരിശീലാനാർത്ഥികൾക്ക് ഉണ്ടാക്കിയ മാനസിക ബുദ്ധിമുട്ട് വലുതാണെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു.